IndiaKerala

ഇഡിക്ക് എതിരായ ജുഡീഷ്യൽ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ : വി മുരളീധരൻ

“Manju”

കോഴിക്കോട് : എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഒരു റിട്ടയേർഡ് ജഡ്ജിക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകാമെന്നല്ലാതെ ഇത് കൊണ്ട് മറ്റ് കാര്യമില്ല.ഏതെങ്കിലും ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ ആരെയെങ്കിലും കുറ്റവാളിയാക്കി നിയമത്തിന് മുന്നിൽ കൊണ്ട് വന്നിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.

ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സർക്കാരിന്‍റ ഒടുവിലത്തെ അടവാണ് ജുഡീഷ്യൽ അന്വേഷണം. ഇതു കൊണ്ട് കേന്ദ്ര ഏജൻസികൾ സമ്മർദ്ദത്തിലാകും എന്ന് സംസ്ഥാന സർക്കാർ കരുതേണ്ട. കേന്ദ്ര അന്വേഷണ ഏജൻസികളെ ഓലപാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.കിഫ്ബിയിലെ അന്വേഷണം സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിന്‍റെ പദ പ്രയോഗങ്ങളിൽ അത്ഭുതമില്ല.

കിഫ്ബിയിലെ പരിശോധനയിൽ ഉദ്യോഗസ്ഥർക്കില്ലാത്ത പരാതി മന്ത്രി തോമസ് ഐസക്കിന് ഉണ്ടെങ്കിൽ എന്തോ മറിച്ച് വെക്കാനുണ്ട് എന്ന് വ്യക്തമാണെന്നും മന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്തില്ലെങ്കിൽ ഐസക്കിന് എന്തിന് ഇത്ര പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര സർക്കാരിന്‍റെ അനുമതി ഇല്ലാതെ വിദേശത്ത് നിന്ന് പണം വാങ്ങിയതിൽ ഇത് വരെ ഒരു വിശദീകരണവും നൽകാൻ ധനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്ര സർക്കാർ ഏജൻസികളുടെ അന്വേഷണം തീർത്തും നിയമാനുസൃതമായി ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button