IndiaKeralaLatest

ബംഗാളിലും അസമിലും പോളിങ് തുടങ്ങി

“Manju”

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് ബംഗാളിലും അസമിലും ആരംഭിച്ചു. രണ്ടു സംസ്ഥാനങ്ങളിലായി 77 മണ്ഡലങ്ങളിലാണ് പോളിങ് ആരംഭിച്ചത്. ഒന്നം ഘട്ടത്തില്‍ ഒന്നര കോടി വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക. ബംഗാളില്‍ മൊത്തം 294 മണ്ഡലങ്ങളാണ്. ഇതില്‍ 30 മണ്ഡലങ്ങളിലാണ് പോളിങ് ഇന്ന് നടക്കുന്നത്. മാവോവാദികള്‍ക്ക് സ്വാധീനമുണ്ടായിരുന്ന ജംഗിള്‍ മഹല്‍ പ്രദേശവും ആദ്യഘട്ട പോളിങ് നടക്കുന്നതിൽ ഉള്‍പ്പെടും. ഇവിടെ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്.

2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ ബിജെപി മികച്ച നേട്ടം കൊയ്തിരുന്നു. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും ജംഗിള്‍ മഹല്‍ മേഖലയില്‍ ബിജെപി വളരെ പ്രതീക്ഷയിലാണ്. 684 കമ്പനി സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. തൃണമൂലിനും ബിജെപിക്കും 29 സ്ഥാനാര്‍ഥികളും ഇടത്-കോണ്‍ഗ്രസ്-ഐഎസ്‌എഫ് സഖ്യത്തിന് 30 സ്ഥാനാര്‍ഥികളും മല്‍സരിക്കുന്നു.

ബംഗാളില്‍ മമത ബാനര്‍ജി അധികാരം നിലനിര്‍ത്തുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍. എന്നാല്‍ അസമില്‍ കോണ്‍ഗ്രസ് സഖ്യം ഭരണം പിടിച്ചെടുക്കുമെന്നും പ്രവചിക്കപ്പെടുന്നു. ബിജെപിയാകട്ടെ ബംഗാളില്‍ ഭരണം പിടിക്കാനും അസമില്‍ ഭരണം നിലനിര്‍ത്താനും ശ്രമിക്കുകയാണ്. അമിത് ഷാ നേരിട്ടാണ് ബംഗാളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

അസമില്‍ 126 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് 47 മണ്ഡലങ്ങളിലേക്കാണ്. ബിജെപി-എജിപി സഖ്യവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും അടുത്തിടെ രൂപീകരിച്ച അസം ജാതീയ പരിഷത്തുമാണ് എല്ലാ മണ്ഡലങ്ങളിലും നേരിടുന്നത്. ശക്തമായ ത്രികോണ മല്‍സരമാണ് അസമില്‍. വൈകീട്ട് ആറിനാണ് പോളിങ് അവസാനിക്കുക. കേന്ദ്രസേനയുടെ ശക്തമായ സാന്നിധ്യം രണ്ടു സംസ്ഥാനങ്ങളിലുമുണ്ട്.

അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ ആറിനാണ് പോളിങ്. അഞ്ചിടത്തും ഫലപ്രഖ്യാപനം മെയ് രണ്ടിനാണ്. ജൂണിന് മുമ്പ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും.

Related Articles

Back to top button