KozhikodeLatest

അവര്‍ ഒരുമിച്ച്‌​ മണ്ണോടുചേര്‍ന്നു; കണ്ണീരണിഞ്ഞ്​ നാട് വിടചൊല്ലി

“Manju”

കോഴി​ക്കോട്​: ഉപ്പയുടെയും ഉമ്മയുടെയും ഉറ്റവരുടെയും അന്ത്യചുംബനങ്ങള്‍ ഏറ്റുവാങ്ങാന്‍ അവരെത്തിയത്​ അഞ്ച് ആംബുലന്‍സുകളിലായാണ്​.
ഇവരെ അവസാനമായി ഒരുനോക്ക് കാണാന്‍ ജാബിറിന്റെ പിതാവ് ആലിക്കോയയും മാതാവ് കൊയപ്പത്തൊടി ഹഫ്‌സയും ഷബ്‌നയുടെ മാതാപിതാക്കളായ കാരപറമ്പ് കരിക്കാംകുളം ചെങ്ങോട്ട് ഇസ്മായിലും ഖദീജയും ഹൃദയവേദനയോടെ കാത്തുനിന്നിരുന്നു. ഒപ്പം കണ്ണീരണിഞ്ഞ്​ ഒരു നാട്​ മുഴുവനും.
ഒരുമാസം മുമ്പ് സന്തോഷത്തോടെ യാത്ര ചോദിച്ച്‌ സൗദിയിലേക്ക്​ പോയ പിഞ്ചുമക്കളുടേത്​ ഉള്‍പ്പടെയുള്ളവരുടെ ചേതനയറ്റ ശരീരങ്ങള്‍ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമുള്ള കാഴ്ചയായിരുന്നു. ബേപ്പൂര്‍ ജുമാ മസ്ജിദ്​ ഖബര്‍സ്ഥാനില്‍ അടുത്തടുത്തായി ഒരുക്കിയ അഞ്ച് ഖബറുകളിലേക്ക്​ അവരെ അന്ത്യവിശ്രമത്തിനായി കൊണ്ടുവെച്ചപ്പോഴുണ്ടായ പൊട്ടിക്കരച്ചിലുകള്‍ ബേപ്പൂരിനെ ഒന്നടങ്കം കണ്ണീരിലാഴ്​ത്തി.

റിയാദ്-ജിസാന്‍ റോഡിലെ അല്‍-റയാനില്‍ കഴിഞ്ഞ ശനിയാഴ്​ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ്​ ജാബിറും കുടുംബവും മരിച്ചത്​. അവസാനമായി ഒരുനോക്ക് കാണാനും ഇടയ്ക്കിടെ ഖബറിടങ്ങളില്‍ പോയി ദുആ ചെയ്യാനുമെങ്കിലും ഒരവസരം ഉണ്ടാക്കണമെന്ന മുന്‍ പ്രവാസി കൂടിയായ പിതാവ്​ ആലിക്കോയയുടെ ഹൃദയനൊമ്പരത്തോടെയുള്ള ആവശ്യം പരിഗണിച്ച്‌​ റിയാദ്​ കെ.എം.സി.സിയുടെ നേതൃത്വത്തിലാണ്​ മൃതദേഹങ്ങള്‍ നാട്ടിലേക്ക്​ എത്തിക്കാനുള്ള ശ്രമങ്ങള്‍ ​ദ്രുതഗതിയില്‍ നടന്നത്​.
തിങ്കളാഴ്ച രാത്രി തന്നെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിയാദ് വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ എത്തിച്ചിരുന്നു. അവിടെ നിന്ന് ചെവ്വാഴ്ച രാവിലെ 10 ഓടെ ദുബൈയിലെത്തിയ മൃതദേഹങ്ങള്‍ രാത്രി 11 ഓടെയാണ് കൊച്ചിയിലേക്ക് അയച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 3.50 ഓടെ െകാച്ചി വിമാനത്താവളത്തിലെത്തിയ മൃതദേഹങ്ങള്‍ ആംബുലന്‍സിലാണ് വീട്ടിലെത്തിച്ചത്.
വീട്ടിലും പള്ളിയിലുമായി നടന്ന മയ്യിത്ത് നമസ്കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വീട്ടില്‍ അടുത്ത കുടുംബങ്ങള്‍ക്ക് മാത്രമാണ് മൃതദേഹങ്ങള്‍ കാണിക്കാന്‍ തീരുമാനിച്ചതെങ്കിലും ആളുകളെ നിയന്ത്രിക്കാന്‍ നന്നെ പാടുപെട്ടു.
തറവാട് വീടിന് സമീപത്ത് ജാബിര്‍ പണിയുന്ന പുതിയ വീടിനെ സാക്ഷിയാക്കി കുടുംബത്തിന്​ വിടനല്‍കി. ബേപ്പൂരിലെ മുഴുവന്‍ കടകമ്പോളങ്ങളും ഖബറടക്കം കഴിയുന്നതുവരെ അടച്ചിട്ട് കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേര്‍ന്നു.
റിയാദ്​ കെ.എം.സി സി വെല്‍ഫെയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വുര്‍, മെഹബൂബ് കണ്ണൂര്‍ എന്നിവരുടെ പ്രവര്‍ത്തനമാണ്​ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ മൃതദേഹങ്ങള്‍ നാട്ടിലയക്കാന്‍ സഹായിച്ചത്. അഷ്​റഫ് വേങ്ങാട്ട്​ ഉള്‍പ്പടെയുള്ള കെ.എം.സി.സിയുടെ നേതാക്കളും പ്രവര്‍ത്തകരും ഒപ്പം റിയാദിലെ മറ്റ് സാമൂഹിക പ്രവര്‍ത്തകരും ഇവര്‍ക്ക് പിന്തുണയുമായി ഒപ്പം നിന്നു.
ജാബിറിെന്‍റ സഹോദരന്‍ അന്‍വര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടനെ തന്നെ മറ്റൊരു വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. ബന്ധുക്കളായ ജംഷിദ് ബേപ്പൂര്‍, ഫാജിഷ് എന്നിവരും ആദ്യാവസാനം സഹായത്തിനായി അന്‍വറിനൊപ്പമുണ്ടായിരുന്നു.
ഖസിം റാഷിലെ അബ്​ദുല്ല മസ്ജിദിലും ശുൈമസി ആശുപത്രി മോര്‍ച്ചറിക്ക് സമീപമുള്ള പള്ളിയിലും മയ്യിത്ത്​ നമസ്കാരം നിര്‍വഹിച്ചു. 17 വര്‍ഷമായി ജുബൈലിലെ അബ്​ദുല്ലത്തീഫ് അല്‍ജമീല്‍ കമ്ബനിയില്‍ ജോലിചെയ്തിരുന്ന ജാബിര്‍ ജീസാനിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് കുടുംബവുമായി അവിടേക്ക് പുറപ്പെട്ടത്. സൗദി പൗരന്‍ ഓടിച്ചിരുന്ന ലാന്‍ഡ്​ ക്രൂയിസര്‍ വാഹനവുമായി കുടുംബം സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എല്ലാവരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

Related Articles

Back to top button