KeralaLatest

25 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം

“Manju”

കാസര്‍ഗോഡ്: 25 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ 2021-22 വര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സംയുക്ത പദ്ധതിയായി നടപ്പിലാക്കുന്ന ചട്ടഞ്ചാല്‍ ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണത്തിന് ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി 50 സെന്റ് സ്ഥലവും ഒരു കോടി 27 ലക്ഷം രൂപയും വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും മാര്‍ച്ച്‌ 30നകം മുഴുവന്‍ ബില്ലുകളും ട്രഷറിയില്‍ എത്തിക്കണം. തീദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പദ്ധതി അവലോകനം വാര്‍ഷിക പദ്ധതികളുടെ പുരോഗതിക്ക് സഹായകമായിട്ടുണ്ട്. അടുത്തവര്‍ഷവും ഈ മാതൃകയില്‍ അവലോകന യോഗങ്ങള്‍ നടത്തും. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ മാര്‍ച്ച്‌ 19ന് നടക്കുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ തൊഴിലരങ്ങുമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരിക്കണം. ജില്ലയിലെ നദികളിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് കാലവര്‍ഷത്തില്‍ പ്രളയവും വെള്ളക്കെട്ടും തടയാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. തൃക്കരിപ്പൂര്‍, മഞ്ചേശ്വരം കുമ്പള, ഈസ്റ്റ് എളേരി, കോടോം ബേളൂര്‍, ചെമ്മനാട്, പുത്തിഗെ, ബളാല്‍ , മംഗല്‍പ്പാടി, കുംബഡാജെ, പിലിക്കോട്, കാറഡുക്ക, കയ്യൂര്‍ ചീമേനി, കുറ്റിക്കോല്‍, ഉദുമ, പനത്തടി, വെസ്റ്റ് എളേരി, എന്‍മഗജെ, അജാനൂര്‍ ഗ്രാമ പഞ്ചായത്തുകളുടേയും കാസര്‍കോട് ജില്ലാ പഞ്ചായത്ത്, മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട്, കാസര്‍കോട് ബ്ലോക്കുപഞ്ചായത്തുകള്‍, നീലേശ്വരം, കാസര്‍കോട് നഗരസഭകള്‍ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളാണ് ഭേദഗതി ചെയ്തത്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ, ഡി പി സി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്‍, ഡി പി സി അംഗങ്ങള്‍, തദ്ദേശ ഭരണസ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related Articles

Back to top button