ArticleLatest

ഓട്ടക്കലം പോലെയാവരുത് നമ്മുടെ പുഴകള്‍

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

“Manju”

നിറഞ്ഞും കവിഞ്ഞും തുള്ളിച്ചാടി ഒഴുകുന്ന പുഴകള്‍ക്ക് എന്നും പ്രത്യേക സൗന്ദര്യമാണ്. ഈ പൊള്ളുന്ന ചൂടില്‍ തെളിനീരുപോലെയുള്ള വെള്ളത്തില്‍ ഇറങ്ങിയൊന്ന് കുളിക്കാന്‍ തോന്നുന്നത് സ്വഭാവികം. പക്ഷേ മനം മയക്കുന്ന മനോഹാരിതയ്ക്ക് പിന്നില്‍ മരണം മാടിവിളിച്ചു നില്‍പ്പുണ്ടാകും. കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ വലിയ കുഴികളിലേക്ക് വഴുതി വീഴുന്നവരാണ് പലരും. ചിലര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുമ്പോള്‍ മറ്റു ചിലര്‍ അതിന്റെ ഇരകളായി മാറും. ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന ആയിരക്കണക്കിന് കുഴികളുണ്ട് നമ്മുടെ നദികളില്‍. അനുമതി തേടിയും അനധികൃതമായും നടത്തിയ മണലൂറ്റലില്‍ രൂപപ്പെട്ട കുഴികള്‍. മനോഹാരിത ആസ്വദിക്കാന്‍ പോയവര്‍ ഒടുവില്‍ വിലാപയാത്രയായി മടങ്ങേണ്ടി വരുന്ന ഉള്ളുപിടയുന്ന കാഴ്ച. പക്ഷേ പുഴയ്ക്കുമുണ്ട് മിടിക്കുന്ന ഒരു ഹൃദയം. ആ ഹൃദയം നോവാതിരിക്കാന്‍ ഓരോ പുഴയും സംരക്ഷണവും പരിഗണനയും സദാ തേടുന്നു.

മണല്‍ വാരല്‍ പുനരാരംഭിക്കുമ്പോള്‍

നദീ സംരക്ഷണത്തിന്റെ ഭാഗമായി ഒരു പതിറ്റാണ്ടിന് ശേഷമാണ് മണല്‍ വാരല്‍ പുനരാരംഭിക്കാന്‍ പോവുന്നത്. ഇത്രയും വര്‍ഷം നിറഞ്ഞു കിടന്ന മണല്‍ 2018-19 വര്‍ഷങ്ങളിലെ പ്രളയ കാരണങ്ങളിലൊന്നാണെന്ന് വിദഗ്ധ സമിതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് നിയമാനുസൃതമായ രീതിയില്‍ മണലെടുപ്പിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങിയത്. ഇതോടൊപ്പം നദികളുടെ ജലസംഭരണ ശേഷി വര്‍ധിക്കുമെന്നും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുമെന്നും ധനമന്ത്രി കെന്‍ എന്‍ ബാലഗോപാല്‍ ഇത്തവണത്തെ ബജറ്റ് പ്രസംഗത്തില്‍ പറയുകയുണ്ടായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി 2001 ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് റിവര്‍ ബാങ്ക്സ് ആന്‍ഡ് റഗുലേഷന്‍ ഓഫ് റിമൂവല്‍ ഓഫ് സാന്‍ഡ് ആക്ട് ഭേദഗതി ചെയ്താണ് മണല്‍ വാരല്‍ പുനരാരംഭിക്കാനുള്ള തീരുമാനമെടുത്തത്. ഇതിനായി സംസ്ഥാനത്തെ 32 നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തിയിരുന്നു. റവന്യൂ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തിലാണ് ഓഡിറ്റിംഗ് നടത്തിയത്. എട്ടു ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തി. ഇവിടെ നിന്ന് ഒന്നേമുക്കാല്‍ കോടിയോളം മെട്രിക് ടണ്‍ മണല്‍ ഖനനം ചെയ്യാന്‍ കഴിയുമെന്ന് ഓഡിറ്റിംഗില്‍ പറയുന്നു. കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് മണല്‍ ഖനന സാദ്ധ്യതയുള്ള നദികള്‍. ഇതേസമയം 14 നദികളില്‍ മൂന്നുവര്‍ഷത്തേക്ക് മണല്‍ വാരല്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം ഓരോ നദിക്കും വേറെ വേറെ പാരിസ്ഥിതികാനുമതി തേടേണ്ടതുണ്ട്. ജിപി എസിലൂടെ നദികളുടെ മാപ്പിങ് നടത്തുകയും ഉപഗ്രഹ സര്‍വേയിലൂടെ മണലിന്റെ തോത് നിര്‍ണയിക്കുകയും ചെയ്യും. ഇതുകൂടാതെ നേരിട്ട് പരിശോധന നടത്തുമെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. ഇതോടൊപ്പം വിദഗ്ധരായ തൊഴിലാളികളുമുണ്ടെങ്കില്‍ അത് പുഴയ്ക്ക് ഗുണം ചെയ്യുകയേയുള്ളു. എങ്കിലും എല്ലാ കാര്യത്തിലും ജാഗ്രത വേണമെന്ന കാര്യമുറപ്പാണ്.

മുമ്പ് പഞ്ചായത്തുകളുടെ മേല്‍നോട്ടത്തിലാണ് മണല്‍ നീക്കം ചെയ്തിരുന്നത്. നിര്‍മാണ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തുകള്‍ പാസുകള്‍ നല്‍കി ഓരോ മണല്‍ക്കടവില്‍ നിന്നും പരിമിതമായ അളവിലാണ് മണല്‍ എടുത്തിരുന്നത്. പിന്നീട് അത് അനിയന്ത്രിതമായി. ഇതോടെ മണല്‍ വാരല്‍ എന്നത് വലിയ വ്യാപാരമായി മാറി. അവിടെ മണല്‍ മാഫിയ ഉടലെടുക്കാന്‍ കാരണവുമായി. സര്‍ക്കാരിന്റെ പുതിയ നീക്കം ഒരിക്കലും മണല്‍ മാഫിയയ്ക്ക് കരുത്താവരുത്. ഇവര്‍ക്ക് മുന്നില്‍ ഭരണതലപ്പത്തുള്ളവര്‍ ഒരിക്കലും വിനീതദാസന്മാരായി പോവരുത്. അതുകൊണ്ട് വിദഗ്ധ സമിതി നിര്‍ദേശിച്ച അളവിനേക്കാള്‍ കൂടുതല്‍ മണല്‍ വാരുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത ഇവിടെ സര്‍ക്കാരിനുണ്ട്.

പുഴയുടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഗൗനിക്കാതെയാണ് പലപ്പോഴും പലരും മണലൂറ്റ് നടത്തിയിട്ടുള്ളത്. പുഴയുടെ അടിത്തട്ടില്‍ നിന്നുവരെ മണല്‍ പോയതോടെ ചെളി ബാക്കിയാവുകയും ചെയ്തു. ഇതുമൂലം പുഴകളുടെ ആഴം വര്‍ധിച്ചു. മണല്‍ ഇല്ലാതായതോടെ പുഴയില്‍ വെള്ളം നില്‍ക്കാതെ കടലിലേക്ക് അതിവേഗത്തില്‍ ഒഴുകാന്‍ തുടങ്ങി. മാത്രമല്ല അവയ്ക്ക് ഭൂഗര്‍ഭ ജലം പോഷിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ പുഴ പൂര്‍ണമായും വരള്‍ച്ചയുടെ പിടിയിലായി. പുഴയുടെ തീരത്തുള്ള കിണറുകളും കുളങ്ങളും വേനല്‍ക്കാലങ്ങളില്‍ വറ്റുന്ന കാഴ്ചയായി മാറി.

കുടിവെള്ളത്തിന് എങ്ങോട്ട് പോവും?

44 നദികളും കായലുകളും ചെറുതടാകങ്ങളും തോടുകളുമൊക്കെ ചേര്‍ന്ന ജലസമൃദ്ധമായ കേരളത്തിലാണ് നാം ജീവിക്കുന്നതെന്ന് പലപ്പോഴും പറയാറുണ്ടല്ലോ. അവിടെയാണ് ഇന്ന് കുടിവെള്ളത്തിനായി നാം നെട്ടോട്ടമോടുന്നത്. ശുദ്ധജലം മോഷണം പോലും നടക്കുന്ന ഇന്നത്തെ കാലത്ത് പുഴകളുടെ പുനരുജ്ജീവനം നമ്മുടെ മുഖ്യ അജണ്ടയായി മാറണം. കാരണം കുടിവെള്ളം എല്ലാവരുടെയും ജീവനാഡിയാണ്. ഇതോടൊപ്പം വര്‍ധിച്ചു വരുന്ന താപനിലയ്‌ക്കൊപ്പം നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലം കൂടിയാവുമ്പോള്‍ ശുദ്ധജലക്ഷാമം എല്ലാ കോണിലും ആശങ്ക വിതയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുഴയെ തിരിച്ചു പിടിക്കാന്‍ എല്ലാത്തരം ജനസമൂഹങ്ങളും പങ്കുചേരേണ്ടി വരും.

മുന്‍ വര്‍ഷമൊക്കെ അളവില്‍ കൂടുതല്‍ മഴ ലഭ്യമായെങ്കിലും പെട്ടെന്ന് ഒഴുകി മാറുന്നതിനാല്‍ ഭൂമിയിലേക്ക് താഴണമെന്നില്ല. അതുമൂലം ഭൂഗര്‍ഭജലശേഖരത്തിന്റെ അളവ് കുറയും ക്രമേണ ശുദ്ധജലക്ഷാമത്തിന് വഴിവയ്ക്കുകയും ചെയ്യും. ഭൂഗര്‍ഭജലം സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ അദ്ഭുതകരമായ ശേഷിയുള്ള സ്‌പോഞ്ചാണ് മണല്‍. ഒഴുകുന്ന പുഴയ്ക്ക് മാത്രമേ മണല്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. കാട് മുതല്‍ കടല്‍ വരെ ശുദ്ധജലം എത്തിക്കാന്‍ കഴിയുന്നത് പുഴയ്ക്ക് മാത്രമാണ്. അതിനാല്‍ കഴിയും വേഗത്തില്‍ പുഴയുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതുണ്ട്.

മണലൂറ്റ് മാത്രമല്ല മറ്റ് കയ്യേറ്റത്തിലൂടെയും പുഴ അന്ത്യശ്വാസം വലിക്കുന്നുണ്ട്. എല്ലാ മാലിന്യവും പുഴയുടെ നെഞ്ചത്തേക്കാണ്. ഹോട്ടലുകളും റസ്‌റ്റോറന്റുകളും പുഴയോരത്ത് പണിതുയര്‍ത്തുന്നുമുണ്ട്. ഒടുവില്‍ പ്ലാസ്റ്റിക്കും ചപ്പും ചവറുമായി മാറിയ ഒരു ഓട മാത്രമായി പുഴ മാറുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. അതുകൊണ്ട് ഒളിഞ്ഞും തെളിഞ്ഞുമുള്ള നമ്മുടെ ആക്രമണം അവസാനിപ്പിച്ച് പുഴയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്യേണ്ടതുണ്ട്.

നമ്മുടെ പുഴകള്‍ മരണാസന്നനായി ഒഴുകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അത് മഴ പെയ്യുമ്പോള്‍ മാത്രം ഒഴുകുകയും തോര്‍ന്നാല്‍ ഓട്ടക്കലം പോലെ പുഴ വറ്റിത്തീരുന്നത് ഇന്നത്തെ പതിവ് കാഴ്ചയാണ്. അതിന് ഇത്തിരിയെങ്കിലും ആശ്വാസമുണ്ടായത് മണല്‍ വാരല്‍ നിര്‍ത്തിയതിന് ശേഷമാണ്. ഇനി കണ്ണും കാതും കൂര്‍പ്പിച്ച് മാത്രമേ മണല്‍ വാരല്‍ പുനരാരംഭിക്കാവൂ. ഇല്ലെങ്കില്‍ അത് വെന്റിലേറ്ററില്‍ കിടക്കുന്ന ഒരു രോഗിയെ ഒറ്റയടിക്ക് കൊന്നുകളയുന്നതിന് തുല്യമാണ്.

കടപ്പാട്- മംഗളം ദിനപത്രം (16/03/24)

Related Articles

Back to top button