KeralaLatest

വ്യാജവാര്‍ത്ത: ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിലേക്ക്‌ എല്‍ഡിഎഫ്‌ മാര്‍ച്ച്‌

“Manju”

കണ്ണൂര്‍: ഇടതുപക്ഷവിരുദ്ധ ജ്വരം ബാധിച്ച്‌ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച്‌ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച്‌ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ കണ്ണൂര്‍ ഓഫീസിലേക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തി. പാനൂര്‍ മന്‍സൂര്‍ കേസിലെ പ്രതി ശ്രീരാഗിനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വ്യാജവാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ശ്രീരാഗിന്റെ അമ്മയും കുടുംബാംഗങ്ങളുമടക്കം പങ്കെടുത്ത മാര്‍ച്ച്‌. ഓഫീസിനുസമീപം നടത്തിയ ധര്‍ണ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ സിപിഐ എം ആസൂത്രിത കൊലപാതകമായി ചിത്രീകരിച്ച്‌ നിരന്തരം വാര്‍ത്ത ചമയ്ക്കുകയായിരുന്നു ഏഷ്യാനെറ്റും മറ്റു വലതുപക്ഷ മാധ്യമങ്ങളും. കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതില്‍ മനംനൊന്ത് രതീഷ് എന്ന യുവാവ് ജീവനൊടുക്കിയതിലും ദുരൂഹതയുണ്ടെന്നുവരുത്തി സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി. നാലാംപ്രതി ശ്രീരാഗിനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കുമ്പോള്‍, റിമാന്‍ഡുചെയ്യപ്പെട്ട് ജയിലിലായിരുന്നു ശ്രീരാഗ്. തെളിവ് നശിപ്പിക്കാനായി പ്രതികളെ ഇല്ലാതാക്കുന്നുവെന്ന പച്ചക്കള്ളത്തിന് വിശ്വാസ്യത നല്‍കാനായിരുന്നു വ്യാജവാര്‍ത്ത.വലിയ വിമര്‍ശനമുയര്‍ന്നതോടെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തിരുത്തി ക്ഷമാപണം നടത്തിയെങ്കിലും അതിനകം വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

Related Articles

Back to top button