Latest

കെ-റെയിൽ പദ്ധതിയ്‌ക്ക് പാർട്ടി കോൺഗ്രസിന്റെ അനുമതിയില്ല; യെച്ചൂരി

“Manju”

തിരുവനന്തപുരം : അഭിമാനപദ്ധതിയെന്ന രീതിയിൽ കേരള സർക്കാർ നടപ്പിലാക്കാൻ തിടുക്കം കൂട്ടുന്ന കെ- റെയിൽ പദ്ധതിയ്‌ക്ക് പാർട്ടി കോൺഗ്രസ് അനുമതി നൽകിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാണിക്കുമെന്നായിരുന്നു യെച്ചൂരിയുടെ ചോദ്യം.

കെ- റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് പാർട്ടി കോൺഗ്രസ് അനുമതി നൽകിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ഒരിക്കൽ കൂടി ഉന്നയിച്ചപ്പോഴാണ് അംഗീകാരം നൽകിയിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞത്. സിൽവർ ലൈൻ പദ്ധതി പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. അജണ്ടയിൽ ഇല്ലാത്ത കാര്യം എങ്ങനെ ചർച്ച ചെയ്യാനാണ്. പദ്ധതി സംബന്ധിച്ച കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാണിക്കാൻ ആണെന്നും യെച്ചൂരി ചോദിച്ചു.

പാർട്ടി കോൺഗ്രസിന് മുൻപും യെച്ചൂരി ഇതേ നിലപാട് ആണ് സ്വീകരിച്ചിരുന്നത്. സർക്കാരുകളുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യത്തെ കുറിച്ച് കൂടുതൽ ചർച്ച ആവശ്യമില്ലെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ പാർട്ടി കോൺഗ്രസിന് പിന്നാലെ കെ- റെയിലിന് പിന്തുണ നൽകുമെന്നും, ഇത് സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുമെന്നുമായിരുന്നു യെച്ചൂരി പറഞ്ഞത്. എന്നാൽ പാർട്ടി കോൺഗ്രസ് അവസാനിച്ച് ഡൽഹിയിൽ എത്തിയതോടെ യെച്ചൂരി വീണ്ടും മലക്കംമറിയുകയാണ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button