IndiaLatest

വ്യോമ മാര്‍ഗം രാജ്യത്തേക്ക് മൊബൈല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍

“Manju”

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഉണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഓക്‌സിജന്‍ ആവശ്യത്തിന് രാജ്യത്തുണ്ടാവുക, കൃത്യസമയത്ത് അത് ആശുപത്രികളില്‍ എത്തിക്കുക ഇവയാണ് ഇപ്പോള്‍ രാജ്യം അടിയന്തരമായി ചെയ്യേണ്ടത്. അതിനുളള തയ്യാറെടുപ്പുകള്‍ ഇന്ത്യ തുടങ്ങികഴിഞ്ഞു. ഇന്ത്യയ്‌ക്ക് പ്രാണവായു നല്‍കാനായി അയല്‍രാജ്യങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.

ഓക്‌സിജന്‍ ടാങ്കറുകളെ ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനാണ് വ്യോമസേന പ്രഥമ പരിഗണന നല്‍കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ട്രാന്‍സ്പോര്‍ട്ട് വിമാനമായ സി-17 ന്റെ രണ്ട് വിമാനങ്ങളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ദൗത്യത്തിന് ഉപയോഗിച്ചേക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനും വ്യോമസേന മുന്നിലുണ്ട്. കൊവിഡ് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ലഡാക്കില്‍ എത്തിച്ചതും വ്യോമസേനയുടെ പ്രത്യേക വിമാനങ്ങള്‍ ഉപയോഗിച്ചാണ്.

കഴിഞ്ഞദിവസം തന്നെ ദൗത്യം ആരംഭിക്കുന്നതിനെക്കുറിച്ച്‌ വ്യോമസേന ട്വിറ്ററിലൂടെ അ‌റിയിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കാന്‍ വ്യോമസേന മുന്നിട്ടിറങ്ങിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച വെര്‍ച്വല്‍ യോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.
ജര്‍മ്മനി ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നായി മൊബൈല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ രാജ്യത്ത് എത്തിക്കാന്‍ തീരുമാനിച്ച്‌ കഴിഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ 23 മൊബൈല്‍ ഓക്‌സിജന്‍ പ്ലാന്റുകളാണ് രാജ്യത്ത് എത്തിക്കുക.

രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ അധികം ഉത്പാദിപ്പിക്കാനുളള ശേഷിയുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും ഓക്‌സിജന്‍ ധാരാളം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വിതരണത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡീഷ പോലുളള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ അധികമുണ്ട്. ഇത്തരത്തില്‍ അധികമുളള സംസ്ഥാനങ്ങളില്‍ നിന്ന് ഓക്‌സിജന്‍ ആവശ്യമുളള സംസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രത്യേക സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മൂന്ന് സേനാ മേധാവിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് ലക്ഷ്യം. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്‌റ്റ് (എല്‍ സി എ) തേജസിനായി വികസിപ്പിച്ചെടുത്ത ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ കൈമാറിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button