LatestThiruvananthapuram

ചുവര്‍ ചിത്രത്തിന് ടൂറിസം മേഖലയില്‍ വലിയ പ്രാധാന്യം

“Manju”

തിരുവനന്തപുരം: ആറന്മുള വാസ്തു വിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തില്‍ നടന്ന ദേശീയ ചുവര്‍ചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ സമാപിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നുള്‍പ്പെടെ 12 പ്രമുഖ കലാകാരന്മാരും ഗുരുകുലത്തിലെ കലാകാരന്മാരും ചേര്‍ന്ന് മുപ്പതിലധികം പ്രതിഭകളാണ് ക്യാമ്പില്‍ പങ്കെടുത്തത്. സമാപന സമ്മേളനം മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു.

ചുവര്‍ചിത്രകലയ്ക്ക് ഇപ്പോള്‍ വലിയ ജനകീയത കണ്ടുവരുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ തനത് കലാ പാരമ്പര്യം വിളിച്ചോതുന്ന കലാരൂപം എന്ന നിലയില്‍ ചുവര്‍ച്ചിത്രത്തിന് ടൂറിസം മേഖലയില്‍ വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കേരളത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന ചുവര്‍ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന വിദേശികള്‍ക്കു കൂടി ഉപയോഗപ്പെടുന്ന വിധത്തില്‍ ചുവര്‍ചിത്ര കലാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

വാസ്തുവിദ്യാ ഗുരുകുലത്തിലെ കലാകാരനും അധ്യാപകനുമായിരുന്ന കെ.പി.ഇന്ദുനാഥിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം ഗോപി ചേവായൂറിന് മന്ത്രി സമ്മാനിച്ചു. ശില്‍പവും പ്രശസ്തിപത്രവും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു.അതിപുരാതനവും അതിസങ്കീര്‍ണവുമായ ചായക്കൂട്ടുകളിലൂടെ വര്‍ണ വിസ്മയം തീര്‍ക്കുന്ന ചുവര്‍ചിത്രങ്ങളുടെ വീണ്ടെടുപ്പിനായി വാസ്തുവിദ്യാ ഗുരുകുലം നടത്തുന്ന സേവനങ്ങള്‍ അഭിനന്ദനീയമാണെന്ന് മന്ത്രി പറഞ്ഞു.

ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കും ഗുരുകുലം അധ്യാപകര്‍ക്കും സര്‍ട്ടിഫിക്കറ്റും ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു. വാസ്തുവിദ്യാ ഗുരുകുലം ചെയര്‍മാന്‍ ഡോ.ജി. ശങ്കര്‍, കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് ക്രിഷ്ണമാചാരി, ചിത്രകാരന്മാരായ നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍, വാസ്തുവിദ്യാ ഗുരുകുലം വൈസ് ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ഡയറക്ടര്‍ ടി. ആര്‍. സദാശിവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button