IndiaKeralaLatest

പട്ടാളത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് -മുൻ സൈനികൻ പിടിയിൽ

“Manju”

 

ചെങ്ങന്നൂർ: പട്ടാളത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ മുൻ സൈനികൻ പിടിയിൽ. കേണൽ എന്ന വ്യാജേന തട്ടിപ്പ് നടത്തിവന്ന കൊട്ടാരക്കര വാളകം അണ്ടൂർ പൂവണത്തുംവിള പുത്തൻവീട്ടിൽ സന്തോഷ് കുമാർ (46) ആണ് എറണാകുളത്തു നിന്ന് അറസ്റ്റിലായത്.

ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണു പ്രതിയെ കുടുക്കിയത്. ആർമി റിക്രൂട്മെന്റ് ഓഫിസിൽ സ്വാധീനമുണ്ടെന്നു തെറ്റിധരിപ്പിച്ചാണു പലരിൽ നിന്നായി കോടികൾ തട്ടിയത്. കായംകുളം മേഖലയിൽ നിന്ന് 2 കോടി രൂപയും ചെങ്ങന്നൂർ മേഖലയിൽ നിന്ന് 1.17 കോടി രൂപയും തട്ടിയതായി പൊലീസ് പറഞ്ഞു. ആളൊന്നിന് 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ മേടിച്ചിരുന്നു.

വെൺമണിയിൽ മാത്രം 3 യുവാക്കളുടെ പക്കൽ നിന്നായി 8.50 ലക്ഷം രൂപ തട്ടിയെടുത്തു. സൈന്യത്തിലേക്കു ജോലിക്കുള്ള ഒട്ടേറെ അപേക്ഷാഫോമുകൾ പ്രതിയുടെ കാറിൽ നിന്നു കണ്ടെടുത്തു. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നുള്ളവരുടേതാണ് ഇവയിലേറെയും. ഇയാൾക്കെതിരെ ചെങ്ങന്നൂർ, ഹരിപ്പാട്, കായംകുളം, പാലക്കാട്, കൊട്ടാരക്കര പൊലീസ് ‌സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. 2016ൽ നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ സമാനമായ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം പല സ്ഥലങ്ങളിൽ തട്ടിപ്പ് തുടരവേയാണു പിടിയിലായത്.

ഭാര്യ റെയിൽവേ ജീവനക്കാരിയാണെന്നു ധരിപ്പിച്ചായിരുന്നു റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തിരുന്നത്. തട്ടിപ്പ് നടത്താൻ വിവിധ സ്ഥലങ്ങളിൽ ഏജന്റുമാരെ നിയോഗിച്ചിരുന്നതായും വിവരമുണ്ട്. മംഗളൂരു ആർമി റിക്രൂട്മെന്റ് ഓഫിസിന്റേതടക്കമുള്ള സീലുകൾ വ്യാജമായി പതിപ്പിച്ച കോൾ ലെറ്റർ നൽകിയ ശേഷമായിരുന്നു ഉദ്യോഗാർഥികളിൽ നിന്നു പണം വാങ്ങിയിരുന്നത്. ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ.ആർ.ജോസ്, വെൺമണി സിഐ എസ്.ഷിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആഡംബരഹോട്ടലുകളിൽ താമസിച്ചിരുന്ന പ്രതി വിലകൂടിയ വാഹനങ്ങളിലാണു സഞ്ചരിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇയാൾ സഞ്ചരിച്ച ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പട്ടാളത്തിൽ കുറച്ചു കാലം ജോലി ചെയ്ത ശേഷം ആരോഗ്യകാരണങ്ങളാൽ പിരിഞ്ഞുപോന്നെന്നാണു പ്രതി പൊലീസിനു മൊഴി നൽകിയത്. പൊലീസ് ഇതു പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

മംഗളൂരുവിൽ 8 വർഷത്തോളം സൈന്യത്തിലേക്കുള്ള ജോലിക്കു പരിശീലനം നൽകിയിരുന്ന സ്ഥാപനം പ്രതി നടത്തിയിരുന്നതായി വിവരമുണ്ട്.എറണാകുളത്തും മംഗളൂരുവിലും ഉദ്യോഗാർഥികളെ വിളിച്ചു വരുത്തി, ശരീരത്തിന്റെ അളവ് എടുക്കുകയും ഓടി വിയർത്തതായി തെറ്റിധരിപ്പിക്കാൻ ദേഹത്തു വെള്ളം ഒഴിച്ച ശേഷം ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് നടത്തിയാണു പട്ടാളത്തിൽ ആളെ എടുക്കുന്നതെന്ന് റിക്രൂട്മെന്റ് ഓഫിസിൽ കാണിക്കാനാണിതെന്നാണ് ഉദ്യോഗാർഥികളെ ധരിപ്പിച്ചിരുന്നത്. പാലാരിവട്ടത്തു വിശാലമായ ഓഫിസും തുറന്നിരുന്നു.

പലയിടത്ത് മാറി മാറി താമസിക്കുകയായിരുന്ന സന്തോഷിനെ പിടികൂടാൻ പൊലീസ് നന്നേ പ്രയാസപ്പെട്ടു. ഇയാൾ എത്താറുണ്ടെന്നു സംശയം തോന്നിയ എറണാകുളത്തെ താവളത്തിനടുത്തെ സ്വകാര്യ സ്ഥാപനത്തിൽ ഒരു പൊലീസുകാരൻ സെക്യൂരിറ്റി ജോലിക്കാരനായി വേഷമിട്ടാണു പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ശേഖരിച്ചതും തുടർന്നു പിടികൂടുന്നതും.

Related Articles

Check Also
Close
Back to top button