Latest

വിവാദമായ പരസ്യത്തിന് പൂട്ടിട്ട് കേന്ദ്രസർക്കാർ

“Manju”

ന്യൂഡൽഹി: ട്വിറ്റർ അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ വൻ വിവാദമായ പരസ്യത്തിന് വിലക്ക് ഏർപ്പെടുത്തി കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. പരസ്യങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്രം അറിയിച്ചു. പരസ്യം ബലാത്സംഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം.

ലെയർ എന്ന ബ്രാൻഡ് പുതിയതായി അവതരിപ്പിച്ച ‘ഷോട്ട്’ എന്ന സ്‌പ്രേയുടെ പരസ്യത്തിനാണ് വിവാദങ്ങൾക്കൊടുവിൽ പൂട്ടുവീണത്. സ്ത്രീകളുടെ മാന്യതയ്‌ക്കും ധാർമ്മികതയ്‌ക്കും ഹാനികരമാകുന്ന രീതിയിൽ പരസ്യത്തെ ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

അഡ്വർടൈസിങ് സ്റ്റാൻഡേർഡ്‌സ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്‌സിഐ ) നേരത്തെ തന്നെ പരസ്യത്തിനെതിരെ രംഗത്ത് വന്നിരുന്നു. എഎസ്‌സിഐ നിർദേശിക്കുന്ന മാർഗനിർദേശങ്ങൾ ലംഘിക്കുന്നതാണ് പരസ്യമെന്നും പൊതുതാൽപര്യത്തിന് എതിരാണ് പരസ്യമെന്നും എഎസ്‌സിഐ അറിയിച്ചു. പരസ്യനിർമാതാവിനോട് എത്രയും വേഗം പരസ്യം നിർത്തലാക്കാൻ എഎസ്‌സിഐ നിർദേശവും നൽകി. അതിന് പിന്നാലെയാണ് ഡൽഹിയിലെ വനിത കമ്മീഷൻ അദ്ധ്യക്ഷയായ സ്വാതി മാലിവാൾ കേന്ദ്രസർക്കാരിനെ സമീപിച്ചത്.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് അവർ കത്തയക്കുകയും പരസ്യം നിർത്തലാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രം വിഷയത്തിൽ ഇടപെടുകയും ഉടൻ നടപടി സ്വീകരിക്കുകയും ചെയ്തത്. ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ മാദ്ധ്യമങ്ങളിൽ നിന്ന് പരസ്യം നീക്കം ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഐടി നിയമം 2021 ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും പരസ്യം നീക്കം ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്.

ഷോട്ട് എന്ന സ്‌പ്രേയ്‌ക്ക് വേണ്ടി രണ്ട് പരസ്യങ്ങളാണ് കമ്പനി പുറത്തിറക്കിയത്. ഇവയിൽ രണ്ടിലും സ്ത്രീയെ ബലാത്സംഗം ചെയ്യുമെന്ന് പേടിപ്പിക്കുന്ന വിധത്തിൽ നാല് പേരടങ്ങുന്ന പുരുഷ സംഘം സംസാരിക്കുകയും പിന്നാലെ അവർ സംസാരിച്ചത് സ്‌പ്രേയെ പറ്റിയാണെന്ന് ബോധ്യപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സ്ത്രീയെ കബളിപ്പിച്ച് പിന്നീട് ആശ്വാസം കൊടുക്കുന്ന രീതിയിൽ പരസ്യം അവസാനിക്കുന്നു. തുടർന്ന് ഇത്തരം പരസ്യങ്ങൾക്ക് എപ്രകാരമാണ് അനുമതി ലഭിക്കുന്നതെന്നും ഇത്തരം പരസ്യങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും ചൂണ്ടിക്കാട്ടി വലിയ വിമർശനമായിരുന്നു ഉയർന്നത്.

Related Articles

Back to top button