IndiaKeralaLatest

ബാറുകളും ബീവറേജസുകളും ഇന്ന് മുതല്‍ തുറക്കില്ല

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കില്ല. മദ്യം ലഭ്യമാക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങളില്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്നാണ് വിവരം. എന്നാല്‍ കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കും. പാഴ്‌സല്‍ സംവിധാനത്തിലൂടെ മാത്രമായിരിക്കും കള്ള ഷാപ്പുകളുടെ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് മദ്യ വില്‍പ്പന ശാല ഉള്‍പ്പടെ അടച്ചിടണമെന്ന തീരുമാനത്തിലേക്ക് എത്തിയത്.
സിനിമ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്ബ്, സ്‌പോര്‍ട്‌സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം വേണ്ടെന്നു വയ്‌ക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഉത്തരവും പുറത്തുവന്നിരുന്നു.
അതേസമയം, ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.
വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങള്‍ നന്നായി സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വാരാന്ത്യത്തിലുള്ള പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമേ അന്നുണ്ടാകൂ. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Related Articles

Back to top button