IndiaKeralaLatest

കോവിഡ് വ്യാപനം ; അതിസമ്പന്നർ രാജ്യംവിടുന്നു !

“Manju”

ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിസമ്പന്നർ സ്വകാര്യ വിമാനങ്ങൾ വാടകയ്‌ക്കെടുത്ത് രാജ്യംവിടുന്നതായി ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്തു. ഓക്‌സിജൻ, ആശുപത്രി കിടക്കകൾ, മരുന്ന് എന്നിവയുടെ ദൗർലഭ്യം മൂലം മികച്ച ചികിത്സ ലഭിച്ചേക്കില്ലെന്ന പേടിമൂലമാണ് അതിസമ്പന്നർ ലക്ഷങ്ങൾ മുടക്കി കുടുംബത്തോടൊപ്പം യൂറോപ്പിലേയ്ക്കും മധ്യേഷ്യയിലേയ്ക്കും കടക്കുന്നത്.
എന്നാൽ അതിസമ്പന്നർ മാത്രമല്ല രാജ്യത്തുനിന്ന് പോകുന്നതെന്ന് ന്യൂഡൽഹി ആസ്ഥാനമായി സ്വകാര്യ വിമാന സർവീസ് നടത്തുന്ന ക്ലബ് വൺ എയറിന്റെ വക്താവ് പറയുന്നു. മാലി ദ്വീപ് ഉൾപ്പടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയ്ക്കാണ് ബോളിവുഡ് താരങ്ങൾ പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
നിയന്ത്രണങ്ങൾ വരുന്നതിനുതൊട്ടുമുമ്പ് ലണ്ടനിലേയ്ക്കും ദുബായിയിലേയ്ക്കും മാലിദ്വീപിലേയ്ക്കും പോകുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായിരുന്നതായി ഖത്തർ എയർവെയ്‌സിന്റെ ഇന്ത്യാ ഓപ്പറേഷൻസ് മേധാവിയായിരുന്ന മെഹ്‌റ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഡൽഹിയിൽ നിന്ന് ദുബായിയിലേയ്ക്ക് 20,000 ഡോളർ (ഏകദേശം 15 ലക്ഷംരൂപ) ആണ് ഈടാക്കുന്നത്. റിട്ടേൺ ഫ്‌ളൈറ്റാണെങ്കിൽ സ്വകാര്യ ജെറ്റ് ഓപ്പറേറ്റർമാരും ഈ നിരക്കുതന്നെയാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാൽ യു കെ, കാനഡ, യുഎഇ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. മറ്റുരാജ്യങ്ങളും വൈകാതെ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button