KeralaLatest

ഡോ.ആര്‍.രമേശിന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല

“Manju”

തിരുവനന്തപുരം: ഡോ.ആര്‍.രമേശിന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രോജക്‌ട് ഡയറക്ടറാണ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍വീസില്‍ നിന്നു സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയ ഡോ.ആര്‍.എല്‍. സരിതയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി.

കൊവിഡിന്റെ വരവോടെയാണ് 2023 ജൂലായ് വരെ സര്‍വീസുള്ള സരിത സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചെത്തിയത്. ആദ്യഘട്ടത്തില്‍ മന്ത്രി കെ.കെ.ശൈലജ ഉള്‍പ്പെടെ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വിരമിക്കാന്‍ അനുമതി നല്‍കണമെന്ന ഡോ.സരിതയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിനെത്തുടര്‍ന്ന് 2017 ഏപ്രിലിലാണ് സരിതയെ ആരോഗ്യഡയറക്ടറായി നിയമിച്ചത്. 2016ല്‍ ഡോ. എന്‍. ശ്രീധര്‍ വിരമിച്ചതിനെത്തുടര്‍ന്ന് ഡോ.ആര്‍.രമേശിനെയാണ് സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിച്ചത്. എന്നാല്‍ അത് സീനിയോറിട്ടി ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി സരിത ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

സരിതയ്ക്ക് അനുകൂല വിധിയുണ്ടായതോടെ ഡോ. ആര്‍. രമേശിനെ ഡയറക്ടറുടെ പദവിയും ശമ്പളവും നിലനിറുത്തി എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രോജക്‌ട് ഡയറക്ടറായി മാറ്റി നിയമിക്കുകയായിരുന്നു. പുതിയ ഡയറക്ടറെ നിയമിക്കുന്നതിലും രമേശിന് പൂ‌ര്‍ണ ചുമതല നല്‍കി തുടരാന്‍ അനുവദിക്കുമോയെന്ന കാര്യത്തിലും അടുത്ത സര്‍ക്കാര്‍ തീരുമാനമെടുക്കും.

Related Articles

Back to top button