LatestMalappuram

18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെ ഇമ്രാന്‍ യാത്രയായി; വേദനകളില്ലാത്ത ലോകത്തേക്ക്‌

“Manju”

മലപ്പുറം: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള മുഹമ്മദ് ഇമ്രാന്‍ മരിച്ചു. ചികിത്സയ്ക്ക് ആവശ്യമായ മരുന്നിന് 18 കോടി രൂപ സമാഹരിക്കുന്നതിനിടയിലാണ് കുഞ്ഞ് ഇമ്രാന്റെ മരണം. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ഇമ്രാന്റെ ചികിത്സയ്ക്കായി ഇതിനോടകം 16 കോടി സമാഹരിച്ചിരുന്നു.
പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ്-റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍. രാത്രി 11.30ഓടെയായിരുന്നു മരണം. കഴിഞ്ഞ മൂന്നുമാസമായി ഇമ്രാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററിലായിരുന്നു. കുഞ്ഞ് ഇമ്രാന്റെ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പതീക്ഷയിലായിരുന്നു കുടുംബം.
നേരത്തെ കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതിയില്‍ എത്തിയിരുന്നു. ആരിഫ് ആണ് ഹർജി നൽകിയത്. 18 കോടി രൂപ വില വരുന്ന മരുന്നു നല്‍കുകയല്ലാതെ മകന്‍റെ ജീവൻ രക്ഷിക്കാൻ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹർജിയിൽ ഹൈക്കോടതിയില്‍ അറിയിച്ചത്.
കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുട്ടിക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. എത്രയും പെട്ടെന്ന് കുട്ടിയെ പരിശോധിച്ച് മരുന്ന് നൽകാനാകുമോ എന്ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കുട്ടിക്ക് മരുന്ന് വാങ്ങാനായി തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് തുടരാമെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇമ്രാന്‍ ജനിച്ച് മുപ്പതോളം ദിവസങ്ങള്‍ക്ക് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്. ഇമ്രാനെ പോലെ തന്നെ അപൂര്‍വരോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ മുഹമ്മദിന് ചികിത്സയ്ക്കായി 18 കോടി രൂപ സുമനസുകള്‍ സമാഹരിച്ച് നല്‍കിയിരുന്നു.

Related Articles

Back to top button