LatestThiruvananthapuram

ആധാര്‍- വോട്ടര്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ : പ്രചാരണം ഈ മാസം മുതല്‍

“Manju”

തിരുവനന്തപുരം : ആധാറും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കുന്ന പ്രചാരണ പരിപാടി സംസ്ഥാനത്ത് ഈ മാസം 4 ന് ആരംഭിച്ചേക്കും. ആധാര്‍ വിവരങ്ങള്‍ സ്വമേധയാ നല്‍കാന്‍ തയാറാകുന്ന വോട്ടര്‍മാരുടെ വിവരങ്ങളാണ് ഇനി ബന്ധിപ്പിക്കുക. ഇതിനായി പ്രത്യേക ഫോമില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.nvsp.in എന്ന പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ ഓണ്‍ലൈനായി വിവരങ്ങള്‍ പൂരിപ്പിച്ച്‌ ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഉള്‍പ്പെടുന്ന ഭാഗം അപ്‌ലോഡ് ചെയ്യുന്ന തരത്തിലാകും ക്രമീകരണം. ഇലക്‌ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള പരിശീലനം ജില്ലകളില്‍ ആരംഭിച്ചു.

വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കി സുതാര്യത കൈവരുത്താന്‍ എന്ന പ്രഖ്യാപനത്തോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറിലാണ് ആധാറും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ഈ വര്‍ഷം ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.

ഭേദഗതി നിയമത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്തിരുന്നു. പൂര്‍ണമായി എതിര്‍ത്തില്ലെങ്കിലും രണ്ട് ലക്ഷ്യങ്ങള്‍ ഉള്ള തിരിച്ചറിയല്‍ രേഖകള്‍ ബന്ധിപ്പിക്കേണ്ട ആവശ്യം എന്താണെന്ന നിലപാടാണു സിപിഎം സ്വീകരിച്ചത്. നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണു പ്രചാരണ പരിപാടി ആരംഭിച്ചിട്ടുള്ളത്.

Related Articles

Back to top button