IndiaKeralaLatest

ഞങ്ങള്‍ കാത്തിരുന്ന വിജയം-രമയുടെ ഫോണില്‍ വിളിച്ച്‌ സി പി എമ്മിലെ സമുന്നത നേതാക്കള്‍

“Manju”

കോഴിക്കോട്: പോരാട്ട വഴിയില്‍ വടകര മണ്ഡലത്തില്‍ ചരിത്ര വിജയം കുറിച്ചതിനു തൊട്ടുപിറകെ വന്ന ഓര്‍മ്മദിനമായിരുന്നു ഇന്നലെ കെ. കെ രമയ്ക്ക്. തെരുവില്‍ വെട്ടി നുറുക്കപ്പെട്ട ജീവിതപങ്കാളി ടി.പി.ചന്ദ്രശേഖരന്റെ ജ്വലിക്കുന്ന സ്മരണകള്‍ ഇരമ്ബുന്ന മേയ് നാല്. ഒന്‍പതു വര്‍ഷത്തെ കാത്തിരിപ്പും ചോരയുടെ ചൂരുള്ള പോരാട്ടവും നല്‍കിയ വിജയം കൊണ്ട് രമ ഇന്നലെ ആ രക്തസാക്ഷിയുടെ വീരസ്മരണകള്‍ക്ക് ചുവന്ന പൂക്കള്‍ അര്‍പ്പിച്ച്‌ മുഷ്ടി മുറുക്കി ഒരു അഭിവാദ്യം നല്‍കി. ആ ഓര്‍മ്മകള്‍ ഊര്‍ജ്ജമാക്കി പോരാട്ടം തുടരുമെന്ന പ്രതിജ്ഞ പോലെ.
ആര്‍.എം.പി നേതാവ് ടി. പി ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടത് 2012 മേയ് നാലിനായിരുന്നു. ആ ചോരയ്ക്ക് വടകരയിലെ ജനാധിപത്യ വിശ്വാസികള്‍ മധുരമായി പകരം ചോദിച്ചിരിക്കുകയാണെന്ന് രമ പറയുന്നു.
”ടി.പി തുടങ്ങിവച്ച പോരാട്ടത്തിന് ഇങ്ങനെ ആക്കം കൂട്ടാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം കുറച്ചൊന്നുമല്ല. വിയോജിപ്പിന്റെ ശബ്ദം ഉയര്‍ത്തുന്നവരെ കൊന്നു തള്ളുന്ന സി. പി. എം രാഷ്ട്രീയത്തിനെതിരെ വടകരയിലെ ജനങ്ങള്‍ വിധിയെഴുതിയ വേളയിലാണ് ഈ വര്‍ഷത്തെ ടി.പി ദിനാചരണം. ഈ ദിവസത്തിന് വലിയ ചരിത്രപ്രാധാന്യമുണ്ട്” രമ പറഞ്ഞു.
കൊവിഡ് കാരണം വിപുലമായ ചടങ്ങുകള്‍ ഇല്ലാതെയായിരുന്നു ദിനാചരണം. ഒഞ്ചിയം നെല്ലാച്ചേരിയിലെ വീട്ടുവളപ്പില്‍ ചന്ദ്രശേഖരന്റെ ശവകുടീരത്തിലും പ്രതിമയിലും പുഷ്പാര്‍ച്ചന മാത്രം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.വേണു ഉള്‍പ്പെടെ ഏതാനും നേതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
വോട്ടെണ്ണല്‍ നാള്‍ മുതല്‍ രമയുടെ ഫോണിന് വിശ്രമമില്ല. രാജ്യത്തും വിദേശത്തും നിന്ന് അഭിനന്ദനവും ആശംസയും അറിയിച്ചുള്ള വിളികള്‍. ഏറെയും സ്ത്രീകളാണ്. ‘ ഞങ്ങള്‍ ആഗ്രഹിച്ച വിജയം’ , ‘ഞങ്ങള്‍ കാത്തിരുന്ന വിജയം’…എന്നാണ് അവരെല്ലാം പറഞ്ഞത്. അഭിനന്ദിച്ചവരില്‍ സി.പി.എമ്മിന്റെ സമുന്നത നേതാക്കളുമുണ്ട്. ആ പേരുകള്‍ പറയുന്നില്ല. ഞാന്‍ കാരണം അവര്‍ക്ക് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവരുതല്ലോ രമ പറഞ്ഞു. നിയമസഭയില്‍ സി പി എമ്മിന് വന്‍ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഉറച്ച മറുപടി. പറയേണ്ടത് കൃത്യമായി പറയും. എതിര്‍ക്കേണ്ടതിനെ ശക്തമായി എതിര്‍ക്കും അവര്‍ പറഞ്ഞു.

Related Articles

Back to top button