മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത വയോധികനായ ജെസ്യൂട്ട് വൈദികന് ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് വഴി തെളിയുന്നു. അദ്ദേഹം ജാമ്യത്തിന് യോഗ്യനാണെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷണമാണ് പ്രതീക്ഷയ്ക്ക് വകനല്‍കുന്നത്.
ഫാ.സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസുമാരായ എസ്.എസ്.ഷിന്‍ഡെ, മനീഷ് പിട്ടാലെ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ചൊവ്വാഴ്ച സുപ്രധാന നിരീക്ഷണം നടത്തിയത്. ഹര്‍ജി മേയ് 17ന് വീണ്ടും പരിഗണിക്കും. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് മേയ് 15ന് മുന്‍പ് റിപ്പോര്‍ട്ട് നല്കാന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഫാ.സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി എന്‍ഐഎ കോടതി തള്ളിയിരുന്നു. ഇതോടെയാണ് അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ ഫാ.സ്റ്റാന്‍ സ്വാമിക്ക് അടിയന്തര ചികിത്സ ആവശ്യമുണ്ടെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. കുറ്റം ചുമത്താതെ അദ്ദേഹത്തെ അന്യായമായി തടവില്‍ വച്ചിരിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഫാ.സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്റെ വാദം.