IndiaLatest

നദിയിലൂടെ ഒഴുകിയെത്തിയ നവജാത ശിശുവിന് രക്ഷകരായി പൊലീസ്

“Manju”

മധുര: ഉത്തര്‍പ്രദേശിലെ മധുരയില്‍ യമുനാ നദിയിലൂടെ ഒഴികിയെത്തിയ നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. നദിയിലൂടെ ഒരു താലത്തില്‍ കുഞ്ഞിനെ ഒഴുക്കി വിട്ട നിലയിലായിരുന്നു. പ്രദേശവാസികളാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ആദ്യം വന്നത്. ഉടനെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഉടന്‍ തന്നെ കുഞ്ഞിനെ രക്ഷിച്ച്‌ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ പുഴയിലേക്ക് ഒഴുക്കിവിട്ടത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മധുരയിലെ വൃന്ദാവനലില്‍ ചാമുണ്ഡ ഘട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിനെ ഇപ്പോള്‍ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നദിയില്‍ ഹാനീകരമായ ഘടകങ്ങളുമായി കുഞ്ഞിന് സമ്പര്‍ക്കമുണ്ടായോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. നദിയില്‍ ഇരുമ്പ് താലത്തില്‍ കുഞ്ഞിനെ കിടത്തിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. വെളുത്ത തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കരച്ചില്‍ കേട്ടാണ് പ്രദേശവാസികള്‍ നദിയിലേക്ക് നോക്കിയത്. പൊലീസെത്തിയാണ് നദിയില്‍ നിന്നും നവജാത ശിശുവിനെ രക്ഷിച്ചത്.

താലം മറിഞ്ഞ് കുഞ്ഞ് അപകടത്തില്‍ പെടാതിരുന്നത് ഭാഗ്യമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ യഥാര്‍ത്ഥ ബന്ധുക്കളെ കണ്ടെത്താനായില്ലെങ്കില്‍ ദത്തെടുക്കല്‍ നടപടികളെ കുറിച്ച്‌ ആലോചിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കുഞ്ഞിനെ ദത്തെടുക്കാന്‍ താത്പര്യം അറിയിച്ച്‌ ഹിന്ദുസ്ഥാനി ബിരാദാരി വൈസ് പ്രസിഡന്റ് വിശാല്‍ ശര്‍മ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിനെ ആരും ദത്തെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ തങ്ങള്‍ സംരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button