IndiaKeralaLatest

ശാന്തിതീരത്ത് സംസ്കരിച്ചത് 70 കൊവിഡ് രോഗികളുടെ മൃതദേഹം

“Manju”

ഒറ്റപ്പാലം: കൊവിഡ് രണ്ടാംതരംഗം പിടിമുറുക്കിയതോടെ മരണസംഖ്യ ഉയരുകയും ശ്മശാനങ്ങളില്‍ തിരക്കേറുകയും ചെയ്തു. നിളാതീരത്തെ പ്രധാന ശ്മശാനങ്ങളായ ഷൊര്‍ണൂര്‍ ശാന്തിതീരത്തും പാമ്പാടി ഐവര്‍മഠത്തിലും സംസ്കാരത്തിന് തിരക്കനുഭവപ്പെടുന്നു. കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം കൂടിയതോടെ ശ്മശാനങ്ങളില്‍ അര്‍ദ്ധരാത്രിയും ചിതയണയുന്നില്ല. പകല്‍ ആറുവരെ പ്രവര്‍ത്തിച്ചിരുന്ന ശ്മശാനങ്ങള്‍ ഇപ്പോള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്. മുഴുവന്‍ സമയം പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശവുമുണ്ട്.

കഴിഞ്ഞ ദിവസം രാത്രി 12നാണ് കൊവിഡ് ബാധിച്ചയാളുടെ മൃതദേഹം ഷൊര്‍ണൂരില്‍ സംസ്‌കരിച്ചത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൃതദേഹങ്ങളിവിടെ എത്തുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 97 മൃതദേഹം സംസ്‌കരിച്ചതില്‍ 70ഉം കൊവിഡ് ബാധിച്ച്‌ മരിച്ചവരുടേതാണ്. നാലിന് 16 പേരെ സംസ്‌കരിച്ചതില്‍ 13ഉം ആറിന് 12 പേരില്‍ 11നും കൊവിഡ് ബാധിച്ച്‌ മരിച്ചവരാണ്. ഏഴിന് എത്തിയ 16 മൃതദേഹങ്ങളില്‍ 15ഉം കൊവിഡ് ബാധിതരുടേതാണ്. മാര്‍ച്ചില്‍ 149 പേരെ സംസ്‌കരിച്ചതില്‍ 20 പേരാണ് കൊവിഡ് മൂലം മരിച്ചവര്‍. ഏപ്രിലില്‍ 167ല്‍ 48 പേര്‍ക്കും കൊവിഡായിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിക്കുന്നവരുടേതുള്‍പ്പടെ സംസ്‌കരിക്കാന്‍ ഷൊര്‍ണൂരിലേക്കാണെത്തുന്നത്. മോര്‍ച്ചറിയില്‍ മൃദേഹം സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നതാണ് പ്രധാന കാരണം. കര്‍ശന കൊവിഡ് മാനദണ്ഡങ്ങളോടെയാണ് സംസ്‌കാരം.

കൊവിഡ് മൃതദേഹം സംസ്‌കരിക്കാന്‍ പൊതുപ്രവര്‍ത്തകരും യുവജന സംഘടനകളുമാണ് മുന്നിട്ടിറങ്ങുന്നത്. ഷൊര്‍ണൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാളുടെ ബന്ധുക്കളെല്ലാം രോഗംബാധിച്ച്‌ നിരീക്ഷണത്തിലായതിനാല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് സംസ്കാരത്തിന് മുന്‍കൈയെടുത്തത്.
ഒറ്റപ്പാലം, ഷൊര്‍ണൂര്‍, വാണിയംകുളം മേഖലയില്‍ യുവാക്കളുടെ സന്നദ്ധ കര്‍മ്മ സേന സംസ്‌കാര കര്‍മ്മത്തിന് മുന്നിട്ടിറങ്ങുന്നുണ്ട്. പാതിരാത്രിയില്‍ വരെ ഇവര്‍ സേവന സന്നദ്ധരാണ്.ഉറ്റവരുടെ യാത്രാമൊഴിയില്ലാതെ, അന്ത്യചുംബനമില്ലാതെ, ആചാരപരമായ ചടങ്ങില്ലാതെ, അവസാന കണ്ണീര്‍ പ്രണാമമില്ലാതെ ശ്മശാന ഭൂമിയില്‍ എരിഞ്ഞൊടുങ്ങുകയാണ് ഒട്ടേറെ മനുഷ്യായുസ്സുകള്‍. നിളാതീരത്തെ ശ്മശാനങ്ങള്‍ നിരത്തുന്ന കണക്കുകളിലെ മുന്നറിയിപ്പ് ചെറുതല്ല.

Related Articles

Back to top button