KeralaLatest

ഇന്ന് അക്ഷയ തൃതീയ

“Manju”

തിരുവനന്തപുരം: ഇന്ന് അക്ഷയ തൃതീയ. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭ ദിനം. രാജ്യത്ത് സ്വര്‍ണ്ണ വില്‍പ്പനയില്‍ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ ദിനത്തിലാണ്. ചെറിയ ആഭരണങ്ങളും സ്വര്‍ണ്ണ നാണയങ്ങളുമാണ് അക്ഷയ തൃതീയ ദിവസം ഏറ്റവും അധികം വില്‍ക്കപ്പെടുന്നത്.

ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയയായി കണക്കാക്കുന്നത്. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ മാസമാണ് വൈശാഖം.
അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് പുരാതനകാലം മുതല്‍ക്കേയുള്ള വിശ്വാസം. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ഏറ്റവും ശുഭകരമായ ദിനമാണിത്. അക്ഷയ തൃതീയ ദിനത്തില്‍ എന്ത് തുടങ്ങിയാലും പത്ത് മടങ്ങ് ഗുണം ലഭിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ദാനധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമായി കരുതുന്നു.

മുഹൂര്‍ത്തം നോക്കാതെ ഏത് മംഗള കാര്യവും ചെയ്യാന്‍ പറ്റിയ ദിവസമാണ് അക്ഷയ തൃതീയ. വിവാഹം, ഗൃഹപ്രവേശം, മറ്റ് മംഗളകാര്യങ്ങള്‍ എന്നിവയെല്ലാം അക്ഷയ തൃതീയ ദിവസം നടത്താറുണ്ട്. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത്തവണ സംസ്ഥാനത്തെ ജ്വല്ലറികളെല്ലാം അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ കടകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ പകരം ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ജ്വല്ലറികള്‍.

വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും ഫോണ്‍ വഴിയും ജ്വല്ലറികളുടെ വെബ്സൈറ്റ് വഴിയും ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം എന്നിങ്ങനെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ബുക്കിംഗിന് സൗകര്യമുണ്ട്. ലോക്ക് ഡൗണിന് ശേഷം ജ്വല്ലറികള്‍ തുറക്കുമ്പോള്‍ ബുക്ക് ചെയ്ത സ്വര്‍ണം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Related Articles

Back to top button