IndiaLatest

പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കേരളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പ്രവാസികള്‍ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി വി. മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് വ്യക്തമാക്കിയാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ പ്രത്യേകിച്ച് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് ഏര്‍പ്പെടുത്തുമെന്ന് മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോഴുള്ളത്. ഇതില്‍ നിന്ന് വലിയ തോതിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം ഇല്ല. അതുകൊണ്ട് ചാര്‍ട്ടേര്‍ഡ്‌ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഗള്‍ഫില്‍ ഇതിനകം തന്നെ 160ല്‍ അധികം മലയാളികള്‍ മരിച്ചുവെന്നും അതിനാല്‍ തന്നെ കൂടുതല്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത സംസ്ഥാന സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. ധാരാളം ആളുകള്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ട്. അവരെ എത്രയും വേഗം തിരികെയെത്തിക്കുക എന്നതാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വം എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളും കേരളം കേന്ദ്രത്തിന്റെ മുന്നില്‍വെച്ചു. കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ കൂടി പാലിക്കുന്ന വിമാനങ്ങളെ മാത്രമെ അനുവദിക്കുവെന്നാണ് കേരളത്തിന്റെ നിലപാട്.

സംസ്ഥാനത്തിന്റെ കഴിവിനനുസരിച്ചേ വിമാനം ഏര്‍പ്പെടുത്താനാകൂവെന്നും കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിനോട് സംസ്ഥാനം അനുകൂലമായി പ്രതികരിച്ചാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

വന്ദേ ഭാരത് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയക്കുകയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത് പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണ് എന്നാണ്‌. പ്രവാസികള്‍ എത്ര എത്തിയാലും അവരെ ഉള്‍ക്കൊള്ളാനുള്ള ശേഷി കേരളത്തിനുണ്ട്. ക്വാറന്റീന്‍ അടക്കുള്ള സൗകര്യങ്ങള്‍ സജ്ജമാണെന്നായിരുന്നു കേരളത്തിന്റെ അവകാശവാദം.

Related Articles

Back to top button