InternationalLatest

പുകവലി നിര്‍ത്താന്‍ തല ഹെല്‍മെറ്റിനുള്ളിലാക്കി പൂട്ടി‌ യുവാവ്

“Manju”

അങ്കാര: പുകവലി നിര്‍ത്താന്‍ അറ്റക്കൈ പ്രയോഗവുമായി യുവാവ്. വര്‍ഷങ്ങളായി പിന്തുടരുന്ന പുകവലി ശീലം നിര്‍ത്താന്‍ സ്വന്തം തല ഹെല്‍മെറ്റിനുള്ളിലാക്കി പൂട്ടിവെച്ചിരിക്കുകയാണ് ഇബ്രാഹിം എന്ന യുവാവ്. തുര്‍ക്കിയിലാണ് സംഭവം. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും ഇബ്രാഹിമിന് ശീലം ഉപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പതിനാറ് വയസു മുതല്‍ സിഗരറ്റ് വലിക്കാന്‍ തുടങ്ങിയ ഇബ്രാഹിമിന് പിതാവിന്റെ മരണത്തോടെയാണ് മനംമാറ്റം ഉണ്ടാകുന്നത്. ശ്വാസകോശാര്‍ബുദം ബാധിച്ചാണ് ഇബ്രാഹിമിന്റെ അച്ഛന്‍ മരണമടഞ്ഞത്. പുകവലി നിര്‍ത്തണമെന്ന് അദ്ദേഹം ചിന്തിച്ചു തുടങ്ങി. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിന് അത് കഴിഞ്ഞില്ല. പല മാര്‍ഗങ്ങളും പരീക്ഷിച്ചെങ്കിലും എല്ലാം ഒടുവില്‍ പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് അദ്ദേഹം ഇത്തരമൊരു മാര്‍ഗം കണ്ടെത്തുന്നത്.

ബൈക്ക് യാത്രക്കാര്‍ ഉപയോഗിക്കുന്ന ഹെല്‍മെറ്റിന്റെ മാതൃകയില്‍ ഒരു പുകവലി നിരോധന ഹെല്‍മെറ്റ് ഉണ്ടാക്കി ഇബ്രാഹിം തലയില്‍ ധരിച്ചു. 130 അടി നീളമുള്ള കോപ്പര്‍ വയറാണ് ഹെല്‍മറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഹെല്‍മെറ്റിന്റെ താക്കോല്‍ വീട്ടുകാരെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു.

സ്വന്തം തല തടവിലാക്കുക മാത്രമല്ല, തന്റെ ഹെല്‍മെറ്റിന് ഒരു പൂട്ടും ഘടിപ്പിച്ചു. പൂട്ടിന്റെ താക്കോല്‍ സ്വയം സൂക്ഷിക്കാതെ വീട്ടുകാരെ ഏല്‍പ്പിക്കുകയും ചെയ്തു. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമെല്ലാം വീട്ടുകാരെ കൊണ്ട് ഹെല്‍മെറ്റിന്റെ പൂട്ട് തുറപ്പിക്കും. ആവശ്യം കഴിഞ്ഞതിന് ശേഷം വീണ്ടും ഹെല്‍മെറ്റ് പൂട്ടും. നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിച്ച്‌ പരാജയപ്പെട്ടതോടെയാണ് തല തടവിലാക്കാന്‍ തീരുമാനിച്ചതെന്ന് ഇബ്രാഹിം പറയുന്നു.

Related Articles

Back to top button