KeralaLatest

കാലവര്‍ഷത്തെ നേരിടാന്‍ വകുപ്പുകള്‍ സജ്ജമാകണം

“Manju”

ആലപ്പുഴ: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലു‍ണ്ടായ ശക്തമായ മഴക്കെടുതി മുന്‍നിര്‍ത്തി വേണം കാലവര്‍ഷത്തെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍. മഴക്കെടുതി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കാലവര്‍ഷത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി വിവിധ വകുപ്പ് മേധാവികളുമായുള്ള ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു നിര്‍ദ്ദേശം. കനത്ത മഴയിലും കാറ്റിലും പെട്ട് മരങ്ങള്‍ വീണതടക്കം ഏറ്റവും അധികം പ്രശ്‌നം ഉണ്ടായത് വൈദ്യുതി മേഖലയിലാണ്.എന്നാല്‍ ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞു.

ഇനിയും കാലവര്‍ഷത്തെ മുന്നില്‍ക്കണ്ട് വെട്ടി മാറ്റേണ്ട മരങ്ങള്‍ എത്രയും പെട്ടന്ന് വെട്ടി മാറ്റണമെന്നും വൈദ്യുതി വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദേശീയപാത അടക്കമുള്ള സഞ്ചാരപാതകളില്‍ അപകട സാധ്യതയുള്ള മരങ്ങള്‍ വെട്ടി മാറ്റാന്‍ ഫയര്‍ ഫോഴ്‌സിനും നിര്‍ദ്ദേശം നല്‍കി. ഇതിനായി പൊതുമരാമത്ത്, സോഷ്യല്‍ ഫോറസ്ട്രി, ദേശീയപാതാ റോഡ് എന്നീ വിഭാഗങ്ങളും അവശ്യമായ നടപടി സ്വീകരിക്കണം.

ജില്ലയില്‍ വെള്ളപ്പൊക്കം ഒഴിവാക്കാനായി ജലം ഒഴികെയത്തുന്ന മാര്‍ഗങ്ങളിലെ തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. നിലവില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി പാലിച്ച്‌ ക്യാമ്പിലെ അംഗങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാലപൂര്‍വ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ വിപുലമായി ചര്‍ച്ച ചെയ്യാന്‍ തദ്ദേശ ഭരണ മേധാവികളുടെ യോഗം അടുത്ത ദിവസം ചേരാനും തീരുമാനമായി.

Related Articles

Back to top button