IndiaLatest

കുഞ്ഞിനെ കടുവയില്‍ നിന്ന് രക്ഷിച്ച്‌ അമ്മ

“Manju”

ഭോപ്പാല്‍ : കടുവയുടെ പിടിയില്‍ നിന്നും മകനെ രക്ഷിച്ച്‌ അമ്മ. ഇരുപത്തിയഞ്ചുകാരിയായ യുവതിയാണ് മകനെ രക്ഷിക്കാന്‍ ധൈര്യപൂര്‍വ്വം കടുവയെ നേരിട്ടത്. മദ്ധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിന് കീഴില്‍ വരുന്ന ഉമരിയ ജില്ലയിലെ റൊഹാനിയ ഗ്രാമത്തിലാണ് സംഭവം . പരിക്കേറ്റ ഇരുവരും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം ഉണ്ടായത്. വീടിന് പുറത്ത് നിന്ന രവിരാജെന്ന കുട്ടിയെയാണ് കടുവ ആക്രമിച്ചത്. താടിയെല്ലില്‍ കടിച്ചാണ് കുട്ടിയെയും കൊണ്ട് കടുവ സമീപത്തെ വയലിലേക്ക് പോയത്. പിന്നാലെ ഇത് കണ്ടെത്തിയ അമ്മ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കടുവ യുവതിയെയും ആക്രമിച്ചു. ഇതിനിടയില്‍ യുവതിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടി കൂടുകയും കടുവയെ ഓടിക്കുകയുമായിരുന്നു.

പിന്നാലെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് യുവതിയെയും കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും ആദ്യം മാന്‍പൂരിലെ ആരോഗ്യ കേന്ദ്രത്തിലേക്കും ശേഷം വിദഗ്ദ ചികിത്സയ്‌ക്കായി ഉമരിയയിലെ ജില്ലാ ആശുപത്രിയിലേക്കും കൊണ്ട് പോയതായി ഫോറസ്റ്റ് ഗാര്‍ഡ് രാം സിംഗ് മാര്‍ക്കോ പറഞ്ഞു. കുട്ടിയേയും അമ്മയേയും ആക്രമിച്ച കടുവയെ കണ്ടെത്താന്‍ വനംവകുപ്പ് സംഘം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചികിത്സയില്‍ കഴിയുന്ന ഇരുവരെയും ജില്ലകളക്ടര്‍ സഞ്ജീവ് ശ്രീവാസ്തവ സന്ദര്‍ശിച്ചു. കൂടുതല്‍ ചികിത്സയ്‌ക്കായി ഇരുവരെയും ജബല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ കളക്ടര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ വനമേഖലയില്‍ താമസിക്കുന്ന ഗ്രാമീണരുടെ സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button