IndiaLatest

കൊവിഡ്​ ബാധയില്ലാത്തവര്‍ക്ക് ബ്ലാക്ക്​ ഫംഗസ് ബാധിക്കുമോ?

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ്​ രോഗികള്‍ക്കിടയില്‍ ബ്ലാക്ക്​ ഫംഗസ്​ ബാധ കൂടി വരികയാണ്​. ഈ സാഹചര്യത്തില്‍ കൊവിഡ്​ ഇല്ലാത്ത ആളുകള്‍ക്ക്​ ബ്ലാക്ക്​ ഫംഗസ്​ ബാധ വരുമോ എന്ന സംശയവും ആശങ്കയും ഉയരുകയാണ്.ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ധര്‍.കൊവിഡ്​ ബാധിതരല്ലാത്തവര്‍ക്കും ബ്ലാക്ക്​ ഫംഗസ്​ ബാധിക്കുമെന്നാണ്​ വിദഗ്​ധര്‍ പറയുന്നത്​. രക്തത്തില്‍ ഉയര്‍ന്ന പഞ്ചസാരയുടെ അളവുള്ള വ്യക്തികള്‍ ജാഗ്രത പാലിക്കണമെന്നാണ്​ മുന്നറിയിപ്പ്​.

‘കൊവിഡിനും മുമ്പുണ്ടായിരുന്ന അണുബാധയാണിത്. ബ്ലാക്ക്​ ഫംഗസ്​ പ്രമേഹ രോഗികളെ ബാധിക്കുന്നു എന്നാണ്​ മെഡിക്കല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. അനിയന്ത്രിതമായ പ്രമേഹമുള്ളരാണ്​ ജാഗ്രത പാലിക്കേണ്ടത്​. അനിയന്ത്രിതമായ പ്രമേഹവും മറ്റ് ചില പ്രധാന രോഗങ്ങളും കൂടിച്ചേര്‍ന്ന് ബ്ലാക്ക്​ ഫംഗസ്​ ബാധയിലേക്ക്​ നയിക്കാം’ -നിതി ആയോഗ്​ അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.

ബ്ലാക്ക്​ ഫംഗസ് ബാധിക്കുന്ന ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 700-800 വരെ എത്തുന്നുവെന്ന്​ ഡോ. പോള്‍ പറഞ്ഞു. ഇത് വൈദ്യശാസ്ത്രപരമായി ഡയബറ്റിക് കെറ്റോഅസിഡോസിസ് എന്നാണ്​ അറിയപ്പെടുന്നത്​. ബ്ലാക്ക്​ ഫംഗസ്​ കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്നത്​ സാധാരണമാണെന്ന്​ അദ്ദേഹം പറഞ്ഞു.

രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ മാത്രം ബ്ലാക്ക്​ ഫംഗസിനെ പേടിച്ചാല്‍ മതിയെന്നും ആരോഗ്യമുള്ള വ്യക്തികള്‍ ഭയക്കേണ്ടതില്ലെന്നും ഡല്‍ഹി എയിംസിലെ ഡോ. നിഖില്‍ ടണ്ഡന്‍ പറഞ്ഞു. ‘മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ കൊവിഡ് വകഭേദം ആദ്യ തരംഗത്തെ അപേക്ഷിച്ച്‌​ പ്രതിരോധശേഷിയെ കൂടുതലായി ആക്രമിച്ചിരിക്കാം. അതിനാലാണ് ബ്ലാക്ക്​ ഫംഗസ്​ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനുപുറമെ, ഈ തരംഗത്തില്‍ സ്റ്റിറോയിഡുകളുടെ വ്യാപകമായ ഉപയോഗവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ശരിയായ അന്വേഷണം കൂടാതെ ഒന്നും കൃത്യമായി പറയാന്‍ കഴിയില്ല’-ഡോ. ടണ്ഡന്‍ പറഞ്ഞു. ഞായറാഴ്​ച ഹരിയാനയിലെ ബ്ലാക്ക്​ ഫംഗസ്​ കേസുകളുടെ എണ്ണം 398 ആയി ഉയര്‍ന്നിരുന്നു. കേരളത്തില്‍ നാല്​ ബ്ലാക്ക്​ ഫംഗസ്​ മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു . ഉത്തരാഖണ്ഡ്​ രോഗത്തെ സാംക്രമികരോഗമായി പ്രഖ്യാപിച്ചിട്ടുണ്ട്​.

Related Articles

Back to top button