KeralaLatest

രണ്ടാഴ്ചയ്ക്കുള്ളില്‍ കൊവിഡ് നിയന്ത്രണത്തിലാവണം: മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍, ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്, റവന്യൂ മന്ത്രി കെ. രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം സംഘടിപ്പിച്ചത്. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊണ്ടു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ വിധേയമാകണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിരോധത്തില്‍ പിറകോട്ട് പോയ് വാര്‍ഡ് തല സമിതികളെയും യോഗത്തില്‍ വിമര്‍ശിച്ചു.
കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വാളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനവ്യാപക ലോക്ഡൗണ്‍ പോലുള്ള നടപടികളെ ആരും അനുകൂലിക്കുന്നില്ല. ഇത് സമ്ബദ്ഘടനയ്ക്കും ജീവനോപാധികള്‍ക്കും സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതാവും. സാമൂഹിക പ്രതിരോധശേഷി കെട്ടിപ്പടുത്ത് സാധാരണ നിലയിലേക്ക് നീങ്ങണമെന്നാണ് വിദഗ്ധാഭിപ്രായം. ജാഗ്രതയില്‍ ഒട്ടും വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രാദേശികമായ കരുതലാണ് ഏറ്റവും പ്രധാനം. അയല്‍പക്ക നിരീക്ഷണ സമിതി, റാപ്പിഡ് റെസ്പോണ്‍സ് ടീം, വാര്‍ഡുതല സമിതി, പോലീസ്, സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കണം. വ്യാപനം കുറയ്ക്കാനുള്ള ഇടപെടല്‍ ഓരോ പ്രദേശത്തും നടത്തണം. പോസീറ്റീവ് ആയവരുമായി സമ്ബര്‍ക്കത്തിലുള്ള മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കണം. ആദ്യഘട്ടത്തില്‍ ഇടപെട്ടതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സജീവമായി മുന്നോട്ടുനീങ്ങിയാല്‍ പെട്ടെന്നുതന്നെ സാധാരണ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ നമുക്കാവും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 – 20 ശതമാനത്തിനിടയില്‍ നില്‍ക്കുമ്ബോഴും മരണനിരക്ക് 0.5 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ നമുക്കായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കോവിഡ് വകഭേദം സജീവമായ വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ പരിശോധിക്കും. 74 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 27 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും 100 ശതമാനം ഒന്നാം ഡോസും 86 ശതമാനം രണ്ടാം ഡോസും നല്‍കി. വാക്സിനേഷന്‍ കുറഞ്ഞ തദ്ദേശസ്ഥാപനങ്ങളില്‍ ശരാശരി നിലയിലേക്ക് ഉയര്‍ത്താന്‍ പ്രത്യേക യജ്ഞം നടത്തും. വാക്സിനേഷന്‍ ആവശ്യമില്ലെന്നു ചിന്തിക്കുന്നവരെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തിരിപ്പിക്കണം.

Related Articles

Back to top button