IndiaLatest

കൊറോണയുടെ ഉദ്ഭവം തേടി ജോ ബൈഡന്‍

“Manju”

വാഷിങ്ടണ്‍: ആഗോള സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്ന്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാല്‍ അത് സ്വാഭാവികമായി വ്യാപിച്ചതാണോ അതോ മനപ്പൂര്‍വമുള്ള ഇടപെടല്‍ ഉണ്ടായോ എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. ഇതിന് ഉത്തരം തേടുകയാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളോട് ഇക്കാര്യം അന്വേഷിച്ച്‌ 90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബൈഡന്‍. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതാണോ അതോ ചൈനയിലെ ലബോറട്ടറികളില്‍ നിന്ന് ഉത്ഭവിച്ചതാണോ എന്നാണ് അന്വേഷിക്കുക.
2019 അവസാനത്തിലാണ് ചൈനയില്‍ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് എല്ലാ രാജ്യങ്ങളിലേക്കും രോഗം വ്യാപിച്ചു. 35 ലക്ഷത്തോളം പേരാണ് കൊറോണ ബാധിച്ച്‌ ഇതുവരെ മരിച്ചത്. വുഹാനിലെ മാംസ വിപണിയില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നു എന്നാണ് ഇതുവരെയുള്ള ഒരു നിഗമനം. മറ്റൊന്ന് ലാബുകളില്‍ നിന്ന് വ്യാപിച്ചു എന്നതാണ്. ഈ രണ്ട് കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ബൈഡന്റെ നിര്‍ദേശം.
അന്വേഷണ സംഘങ്ങള്‍ രണ്ടായി തിരിഞ്ഞാകും വിഷയം പഠിക്കുക. കൊറോണ വ്യാപനത്തിന്റെ ഉത്തരവാദികള്‍ തങ്ങളല്ല എന്നാണ് ചൈന പറയുന്നത്. ചൈനയിലെ ലാബില്‍ സൃഷ്ടിച്ചെടുത്തതാണ് വൈറസ് എന്ന് അമേരിക്കയിലെ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആരോപിച്ചിരുന്നു. ചൈനീസ് വൈറസ് എന്നാണ് പരിഹസിച്ച്‌ വിളിച്ചത്. ചൈനീസ് വിരുദ്ധത പ്രചരിപ്പിച്ച്‌ വോട്ട് തട്ടാനുള്ള തന്ത്രമാണിത് എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. അമേരിക്കന്‍ ഏജന്‍സികളുടെ അന്വേഷണ റിപ്പോര്‍ട്ട് ആഗോള തലത്തില്‍ ഏറെ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Related Articles

Back to top button