IndiaLatest

അമ്മയ്ക്ക് കോവിഡില്ല, ജനിച്ച കുട്ടിക്ക് വൈറസ് ബാധ

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡില്ലാത്ത യുവതി കോവിഡ് പോസിറ്റിവായ കുട്ടിക്ക് ജന്മം നല്‍കി. കോവിഡ് പോസിറ്റിവായ അമ്മ കോവിഡില്ലാത്ത കുട്ടിക്ക് ജന്മം നല്‍കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കോവിഡ് നെഗറ്റീവായ അമ്മ വൈറസ് ബാധയേറ്റ കുട്ടിക്ക് ജന്മം നല്‍കിയത് ആരോഗ്യമേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.

വാരാണസിയിലാണ് സംഭവം.ബാനറസ് ഹിന്ദു സര്‍വകലാശാലയിലെ എസ്‌എസ് ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് പ്രസവം നടന്നത്. മെയ് 24നാണ് പ്രസവവേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയയാക്കി. കോവിഡില്ല എന്ന ഫലമാണ് പുറത്തുവന്നത്.

അടുത്ത ദിവസമായിരുന്നു പ്രസവം.മെയ് 26ന് കുട്ടിയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് കുട്ടിയെ തനിക്ക് കൈമാറുന്നതിന് മുന്‍പ് സാമ്പിള്‍ എടുത്തതായി അച്ഛന്‍ അനില്‍ പ്രജാപതി പറയുന്നു. ഇത് അസാധാരണ നടപടിയാണ്. ഇതില്‍ ആശങ്കയുണ്ട്. പരിശോധന ഫലം തെറ്റാണെങ്കില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് അനില്‍ പ്രജാപതി പറയുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം സംഭവത്തില്‍ മെഡിക്കല്‍ സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. അടുത്ത ദിവസം രണ്ടുപേരുടെയും കോവിഡ് പരിശോധന നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button