India

അഭ്യാസപ്രകടനങ്ങള്‍ക്കിടെ പരിശീലകനെ ആക്രമിച്ച് സിംഹം

“Manju”

സര്‍ക്കസില്‍ മൃഗങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ കാണിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത് കാണികള്‍ക്കു മുന്നില്‍ അഭ്യാസപ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ പരിശീലകനെ ആക്രമിക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ്.റഷ്യയില്‍ നിന്നുളള യുറാന്‍ ട്രവലിങ് സര്‍ക്കസ് കമ്പനിയിലെ പരിശീലകനായ മാര്‍ക്‌സിമിനെയാണ് സിംഹം ആക്രമിച്ചത്.ചുറ്റുഭാഗവും വലകെട്ടി മറച്ച സ്റ്റേജില്‍ രണ്ടു സിംഹങ്ങളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് ഇടയ്ക്കുവെച്ച് പരിശീലകനു നേരെ തിരിയുകയായിരുന്നു.

ആദ്യം രണ്ട് സിംഹങ്ങളും തമ്മില്‍ പരസ്പരം കടിപിടി കൂടുന്നതും പിന്നീട് അതില്‍ വേഗ എന്ന് പേരുള്ള പെണ്‍സിംഹം അകലെ വടിയുമായി മാറി നില്‍ക്കുന്ന പരിശീലകനു നേരെ കുതിച്ചു ചാടുന്നതുമാണ് വീഡിയോയിലുള്ളത്. സിംഹം പരിശീലകനു നേരെ ചാടിയതോടു കൂടി ആളുകള്‍ പരിഭ്രാന്തരായി ഇതോടെ സര്‍ക്കസ് ഗാര്‍ഡുകള്‍ വലക്കു പുറത്തു നിന്ന് വടി ഉപയോഗിച്ച് സിംഹങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ചുസമയം അവ പതുങ്ങിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ സാന്റ എന്ന് പേരുള്ള രണ്ടാമത്തെ സിംഹം പരിശീലകനു നേരെ കുതിച്ചു.

വടി കൊണ്ട് അതിനെ ഓടിച്ച ശേഷം പരിശീലകന്‍ സ്റ്റേജിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ ജനങ്ങളും പുറത്തേക്കോടി. സംഭവത്തില്‍ കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ മാക്‌സിമിനെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ മൃഗങ്ങളെ പരിശീലിപ്പിക്കുന്നതിനിടയില്‍ ഉണ്ടാകും എന്ന് അറിഞ്ഞു കൊണ്ടാണ് ഇത്തരമൊരു ജോലിക്ക് ഇറങ്ങിയതെന്ന് മാര്‍ക്‌സിം പറഞ്ഞു. അപകടകാരികളായ സിംഹത്തെ ഇനി സര്‍ക്കസില്‍ ഉള്‍പ്പെടുത്തില്ല എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button