Kannur

കണ്ണൂരിൽ എക്‌സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു; കഞ്ചാവ് കേസ് പ്രതി ഷബീർ പിടിയിൽ

“Manju”

കണ്ണൂർ: പാപ്പിനിശേരിയിൽ എക്‌സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥൻ നിഷാദിനെ കഞ്ചാവ് കേസ് പ്രതിയാണ് ആക്രമിച്ചത്. പ്രതി കണ്ണപുരം സ്വദേശി ഷബീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണപുരം പാലത്തിന് സമീപത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നു എന്ന വിവരമറിഞ്ഞ് എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഇവിടെ കരിക്ക് കച്ചവടം നടത്തുന്ന ഷബീർ കഞ്ചാവ് വിൽപ്പന നടത്തുവെന്ന് മനസിലാക്കി ഉദ്യോഗസ്ഥർ മഫ്തിയിൽ പരിശോധനക്കെത്തിയതായിരുന്നു. ഉദ്യോഗസ്ഥർ പരിശോധന നടത്താൻ ശ്രമിച്ചപ്പോൾ ഷബീർ തടഞ്ഞു. തുടർന്ന് എക്‌സൈസ് സംഘത്തിലുണ്ടായിരുന്ന നിഷാദിനെ തള്ളി വീഴ്ത്തി കരിക്ക് വെട്ടുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ശരീരത്തിന്റെ പിൻഭാഗത്താണ് നിഷാദിന് വെട്ടേറ്റത്. അക്രമത്തിനിടെ ഉദ്യോഗസ്ഥന്റെ കാൽ അക്രമി ചവിട്ടിയൊടിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സൈസ് സംഘം വിവരമറിയിച്ചതിനെ തുടർന്ന് കണ്ണപുരം പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഇയാളിൽ നിന്ന് വിൽപ്പനക്കായി കരുതിയ കഞ്ചാവും പിടിച്ചെടുത്തു.

Related Articles

Back to top button