IndiaKeralaLatest

സംസ്ഥാനത്ത് ജൂണ്‍ 9 വരെ ലോക്ക് ഡൗണ്‍ നീട്ടിയേക്കും

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടിയേക്കും. ജൂണ്‍ 9 വരെ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വൈകിട്ട് നടത്തും. ലോക്ക് ഡൗണ്‍ നീട്ടുമെങ്കിലും അവശ്യ സേവന മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്നാണ് വിവരം.

സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നല്‍കുക. വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും. അന്‍പത് ശതമാനം ജീവനക്കാരെവെച്ച്‌ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്ന നിലപാടാണ് ആരോഗ്യ വകുപ്പും പൊലീസും ഉന്നത തലയോഗത്തില്‍ സ്വീകരിച്ചത്. അതേ സമയം മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.

കോവിഡ് തീവ്രവ്യാപനത്തെ തുടര്‍ന്ന് മെയ് ഒമ്ബതിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ഇതിനിടെ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ 7 വരെ തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. ആവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് വിതരണസമയം. ലോക്ഡൗണുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാന്‍ ജൂണ്‍ മാസത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 13 ഉത്പന്നങ്ങളാവും കിറ്റില്‍ ഉണ്ടാവുക.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ അടുത്ത തിങ്കളാ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5 ശതമാനമാണ്. 1100 കേസുകള്‍ മാത്രമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇളവുകള്‍ക്കുള്ള സമയമാണെന്നും അല്ലെങ്കില്‍ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഇന്ന് ദുരന്തനിവാരണ വിഭാഗവുമായി ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് വ്യാപനത്തില്‍ കഴിഞ്ഞ കുറേ നാളുകള്‍ കൊണ്ട് നാം ഉണ്ടാക്കിയെടുത്ത നേട്ടം നിലനിര്‍ത്തണമെങ്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതും അണ്‍ലോക്കിങ് ആരംഭിക്കുന്നതും സാവാധാനത്തില്‍ വേണമെന്നാണ് നിര്‍ദേശമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

Related Articles

Back to top button