KeralaLatest

പുതിയ കെ.പി.സി.സി പ്രസിഡന്റ് ജൂണ്‍ ആദ്യ വാരത്തോടെ

“Manju”

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി ലക്ഷ്യമിടുന്ന ഹൈക്കമാന്‍ഡ്. പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തില്‍ ജൂണ്‍ ആദ്യവാരത്തോടെ തീരുമാനത്തിലെത്തിയേക്കും.
പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നിയമിച്ചതിന് പിന്നാലെ, തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാര്യകാരണങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട അശോക് ചവാന്‍ സമിതി ഉടന്‍ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചേക്കും. പിന്നാലെ,കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും എ.ഐ.സി.സി സെക്രട്ടറിമാരും കേരളത്തിലെത്തുമെന്നാണ് സൂചനകള്‍.

അതേസമയം, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നവരില്‍ കെ. സുധാകരമാണ് മുന്‍തൂക്കം.
പ്രതിപക്ഷ നേതൃസ്ഥാനത്ത് ഗ്രൂപ്പുകളെ മറികടന്നുണ്ടായതിന് സമാനമായ തീരുമാനം കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്കും പ്രതീക്ഷിക്കുന്നു. കേരളത്തില്‍ നിന്ന് പ്രവര്‍ത്തകരുടെ നിരവധി പരാതികള്‍ ഡല്‍ഹിയിലേക്ക് പ്രവഹിക്കുന്നുമുണ്ട്. സുധാകരന്റെ പേരിനാണ് ശക്തമായ സമ്മര്‍ദ്ദം. ദളിത് പ്രാതിനിദ്ധ്യമെന്ന നിലയില്‍ കൊടിക്കുന്നില്‍ സുരേഷും ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്‍ദ്ദമാരംഭിച്ചു. പി.ടി. തോമസ്, കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍, പി.സി. വിഷ്ണുനാഥ് തുടങ്ങിയ പേരുകളും ഉയരുന്നുണ്ട്. എം.പി, എം.എല്‍.എ സ്ഥാനങ്ങള്‍ വഹിക്കാത്ത നേതാവാകണമെന്ന ആവശ്യവുമുയരുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പുതിയ ചരടുവലികള്‍ക്കിടയില്‍, മുല്ലപ്പള്ളി രാമചന്ദ്രനെ പ്രകീര്‍ത്തിച്ചുള്ള രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റും ചര്‍ച്ചയായി. പൂര്‍ണ്ണ സമയ പ്രസിഡന്റെന്ന നിലയില്‍ മുല്ലപ്പള്ളിയെ നിലനിറുത്തുക, അല്ലെങ്കില്‍ ഗ്രൂപ്പു താല്പര്യങ്ങള്‍ മാനിച്ച്‌ പുതിയ പ്രസിഡന്റിനെ കൊണ്ടുവരുകയെന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്ന പ്രചരണവും നടക്കുന്നു. മുല്ലപ്പള്ളി പക്ഷേ ഇതിനെയൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല. അദ്ദേഹം മാറാനുള്ള ഉറച്ച തീരുമാനത്തിലാണ്.

Related Articles

Back to top button