KeralaLatest

ജനശതാബ്ദിയും ഇന്റര്‍സിറ്റിയും ഇന്നുമുതല്‍ ഓടില്ല

“Manju”

തൃശ്ശൂര്‍: വരുമാന നഷ്ടത്തെ തുടര്‍ന്ന് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്സ്പ്രസ് ചൊവ്വാഴ്ച ഓട്ടംനിര്‍ത്തും. പിന്നാലെ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസിന്റെ ഓട്ടവും നിലയ്ക്കും. 15 ദിവസത്തിനുശേഷം പുനരാലോചിക്കും. ശേഷം ഓടുന്നതിനെപ്പറ്റി തീരുമാനമെടുക്കും. ഭൂരിഭാഗം തീവണ്ടികളും ലോക്‌ഡൗണിന്റെ തുടക്കത്തില്‍ നിര്‍ത്തിയപ്പോഴും ഈ വണ്ടികള്‍ ഓടിച്ചിരുന്നു. എന്നാല്‍, സംസ്ഥാനമൊട്ടാകെ നിശ്ചലമായപ്പോള്‍ യാത്രക്കാരുടെ എണ്ണം മൂന്നുശതമാനത്തിലേക്കായി.

1080 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ വണ്ടിയില്‍ കഴിഞ്ഞയാഴ്ച മിക്ക ദിവസങ്ങളിലും 30-നും 50-നും ഇടയ്ക്ക് യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ജനശതാബ്ദി ഒരുദിവസം സര്‍വീസ് നടത്താന്‍ ശരാശരി നാലുലക്ഷം രൂപയാണ് ചെലവ്. കഴിഞ്ഞയാഴ്ച മുഴുവന്‍ 30,000-ല്‍ താഴെയായിരുന്നു ദിവസവരുമാനം. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി ലോക്ഡൗണിന്റെ തുടക്കത്തില്‍ത്തന്നെ നിര്‍ത്തിയിരുന്നു. എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ നിര്‍ത്തിയതാണ്. എന്നാല്‍, വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നതോടെ രണ്ടാഴ്ചമുമ്പ് വീണ്ടും ഓടിക്കുകയായിരുന്നു. നഷ്ടം പെരുപ്പിക്കേണ്ട എന്ന വിലയിരുത്തലിലാണ് ഓട്ടംനിര്‍ത്താനുള്ള തീരുമാനം.

Related Articles

Back to top button