KeralaLatest

40 വര്‍ഷത്തെ പാരമ്പര്യമൂറുന്ന ശാന്തിഗിരി ‘മധുരം ബേക്കറി’

“Manju”

രുചി മുകുളങ്ങള്‍ എപ്പോഴും പ്രിയം മധുരത്തോടാണ് . ലഡ്ഡു, ജിലേബി,കേക്ക്, ബിസ്‌കറ്റ്, ചിപ്‌സുകള്‍ അങ്ങനെയങ്ങനെ എത്രയെത്ര പലഹാരങ്ങള്‍. ബേക്കറിയിലെ ചില്ലുകൂട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്ന മധുരപലഹാരങ്ങള്‍ക്കിടയില്‍ പലരൂപത്തിലും ഭാവത്തിലും നില്‍ക്കുന്ന കേക്കുകള്‍. കൂടാതെ എരിവിന്റെ ലഹരി നുണയുന്ന പലഹാരങ്ങളുമുണ്ട്. ഒറ്റനോട്ടത്തില്‍ കാണുന്നവരുടെ നാവില്‍ വെള്ളമൂറും.

അതാണ് ശാന്തിഗിരിയുടെ 40 വര്‍ഷത്തെ പാരമ്പര്യമൂറുന്ന ‘മധുരം ബേക്കറി’. പേരുപോലെ തന്നെ മധുരിക്കുന്നതാണ്. കഴിക്കുന്നവരുടെ മനസ്സും നിറയും. മാത്രമല്ല തനിമയാര്‍ന്ന രുചി കൊണ്ടും ഗുണമേന്മകൊണ്ടും ജനഹൃദയത്തില്‍ ഇടം തേടിയിരിക്കുകയാണ് ഇവിടുത്തെ ബേക്കറിയിലെ ഉത്പന്നങ്ങള്‍.

1984 ചിങ്ങം നാലിനാണ് മധുരം ബേക്കറി ആരംഭിക്കുന്നത്. ഇതിന് നാമകരണം ചെയ്തത് ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ നവജ്യോതി ശ്രീകരുണാകര ഗുരു തന്നെയാണ്. അതിന് ഒരു കാരണവുമുണ്ട്. ഒരു ഗുരുഭക്ത വളരെ പ്രാര്‍ത്ഥനയോടെ കുറച്ച് പലഹാരങ്ങള്‍ ഉണ്ടാക്കി ഗുരുവിന് മുന്നില്‍ സമര്‍പ്പിച്ചു. ഇത് കണ്ട ഗുരു ഇത് ഒരു സംരംഭമായി തുടങ്ങാന്‍ നിര്‍ദേശിച്ചു. അന്ന് ആശ്രമ ഉദ്യാനത്തില്‍ തന്നെയായിരുന്നു ബേക്കറി ആരംഭിച്ചത്.

അച്ചപ്പവും കുഴലപ്പവും, അച്ചാറും, സ്‌ക്വാഷുമായിരുന്നു ആരംഭഘട്ടത്തില്‍ നിര്‍മിച്ചത്. ഗുരു തന്നെ നേരിട്ട് ഓരോ കൂട്ട് പറഞ്ഞു കൊടുക്കും. ആദ്യ ദിവസങ്ങളിലൊക്കെ ആയുര്‍വേദത്തിലെ മരുന്ന്, ലേഹ്യം എന്നിവയുടെ ഒഴിയുന്ന കുപ്പികള്‍ ശേഖരിച്ച് അത് വൃത്തിയാക്കി അച്ചാറുകളും സ്‌ക്വാഷുകളുമൊക്കെ അതില്‍ നിറച്ച് വിശ്വാസികളുടെ ഇടയിലും സമീപത്തെ വീടുകളിലുമൊക്കെ വിറ്റഴിച്ചു.

കാലക്രമേണ ഗുരുവിന്റെ രുചിവൈവിധ്യങ്ങളില്‍ പലതരം പലഹാരങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇന്നും ഗുരു പറഞ്ഞ പാചക രഹസ്യം തന്നെയാണ് പിന്തുടരുന്നതെന്ന് മധുരം ബേക്കറിയുടെ ചുമതല വഹിക്കുന്ന ജനനി നന്മപ്രിയ ജ്ഞാനതപസ്വിനി പറയുന്നു.

ആദ്യം നാലുപേരില്‍ തുടങ്ങിയ സംരംഭം ഇന്ന് പതിനാറുപേരില്‍ എത്തിനില്‍ക്കുകയാണ്. ആരംഭഘട്ടത്തില്‍ നാലിന പലഹാരങ്ങള്‍ നിര്‍മിച്ചു തുടങ്ങിയ ഈ കര്‍മ്മം ഇന്ന് 80 ഓളം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ആവശ്യക്കാരില്‍ എത്തിച്ചു നല്‍കുന്നതിന്റെ ഭാഗമായി രണ്ട് വാഹനങ്ങളും ഇന്ന് സ്വന്തമായുണ്ട്. ആശ്രമ പരിസരത്ത് തുടങ്ങിയ ബേക്കറി ഇന്ന് മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ്. ബേക്കറി ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കൂടുതല്‍ പ്രവര്‍ത്തകരെ കൂട്ടിയോജിപ്പിച്ച് ഉത്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു.

മിക്ചര്‍- നാലുതരം, പക്കാവട- മൂന്നുതരം, ലഡു- നാലുതരം, അച്ചപ്പം, ചിപ്സ്, റസ്‌ക്, ഡയമണ്‍ രണ്ടുതരം, പ്യാരി, കട്ലറ്റ്, സമോസ, പിസ, പഫ്സ്, ബര്‍ഗര്‍, സാന്റ്വ് വിച്ച് , പഴം പൊരി, ഇലയട, ബിസ്‌ക്കറ്റ് നാലുതരം, അവിലോസുപൊടി, അരിയുണ്ട, അവിലോസുണ്ട, ഉണ്ണിയപ്പം, ബ്രഡ്, കാരി, പോപ്പ്കോണ്‍, കുഴലപ്പം, മടക്കുസാന്‍,, റോസ്റ്റഡ് കപ്പലണ്ടി, ബുന്തി, നെയ്യപ്പം, കിണ്ണത്തപ്പം, വെജ് റോള്‍, ഡോനട്ട്സ്, ദില്‍ക്കുഷ്, ശര്‍ക്കരപിരട്ടി, ക്രീം ബണ്‍, വിവിധ തരം കേക്കുകള്‍, അച്ചാറുകള്‍, സ്‌ക്വാഷുകള്‍ തുടങ്ങിയവ നിര്‍മ്മിച്ചു വരുന്നു. ഇതു കൂടാതെ ഓര്‍ഡര്‍ ലഭിക്കുന്നതിന് അനുസരിച്ച് സാധനങ്ങള്‍ ചെയ്തു കൊടുക്കാറുമുണ്ട്.

തിരികൊളുത്തി പ്രാര്‍ത്ഥിച്ച് ശുദ്ധമായ അന്തരീക്ഷത്തില്‍ ഗുരുസ്മരണ നിലനില്‍ത്തികൊണ്ടാണ് യാതൊരു മായവും കലര്‍പ്പുമില്ലാതെ പരിശുദ്ധമായ രീതിയിലാണ് ഓരോ ദിവസവും പാചകം തുടങ്ങുന്നത്.

40 വര്‍ഷമായിട്ടുള്ള ശാന്തിഗിരി മധുരം ബേക്കറിയുടെ ഉല്‍പ്പന്നങ്ങളുടെ വിപണി വിശ്വസ്തയ്ക്ക് കാരണവും ഇതു തന്നെയാണ്. എല്ലാം ഗുരുകാരുണ്യമാണെന്നാണ് ബിന്ദു പ്രദീപും, അശ്വതി രാകേഷും, ഉഷാമ്മയുമൊക്കെ പറയുന്നു.

അതൊരു സത്യമാണ്. ദൈവകാരുണ്യത്തിന്റെ സ്നേഹസ്പര്‍ശം ഓരോ പലഹാരത്തിലും ഉണ്ടെന്നുള്ളത് ഈ പലഹാരങ്ങള്‍ നുകരുന്ന ഓരോരുത്തരുടെയും അനുഭവസാക്ഷ്യമാണ്.

 

 

 

Related Articles

Back to top button