LatestThiruvananthapuram

മുല്ലനേഴി പുരസ്കാരം മുരുകന്‍ കാട്ടാക്കടയ്ക്ക്

“Manju”

തിരുവനന്തപുരം ; ഈ വര്‍ഷത്തെ മുല്ലനേഴി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക്. ‘ചോപ്പ്’ സിനിമയിലെ ‘മനുഷ്യനാകണം’ എന്ന പ്രശസ്ത ഗാനത്തിന്റെ രചനയ്ക്കാണ് അവാര്‍ഡ്. 15001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കും ചേര്‍ന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുല്ലനേഴിയുടെ പേരില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യാലയ കാവ്യ പ്രതിഭാ പുരസ്കാരത്തിന് മെസ്ന കെ.വി (ആറാം ക്ലാസ്, ജി എച്ച്‌ എസ് എസ് ടാഗോര്‍ വിദ്യാനികേതന്‍ തളിപ്പറമ്പ്, കണ്ണൂര്‍) ഗൗരി.ബി (ജി എച്ച്‌ എസ് എസ് കോട്ടണ്‍ഹില്‍, തിരുവനന്ത പുരം), റുക്സാന സി.ടി (ജി ഒഎച്ച്‌ എസ് എസ് പട്ടാമ്പി, പാലക്കാട്) എം.മനീഷ (ജി എച്ച്‌ എസ് എസ് നടവരമ്പ്, തൃശൂര്‍), നിരഞ്ജന പി (ജി എച്ച്‌ എസ് എസ് ചീമേനി, കാസര്‍ഗോഡ്) എന്നിവര്‍ അര്‍ഹരായി. പ്രശസ്തിപത്രവും ഫലകവും പുസ്തക പ്പൊതിയുമാണ് ഇവര്‍ക്കുള്ള സമ്മാനം.

ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പ്രിന്‍സിപ്പലായ മുരുകന്‍ കാട്ടാക്കട വിദ്യാഭ്യാസ മിഷന്‍ അക്കാഡമിക് കാേഓഡിനേറ്ററായി ഇപ്പോള്‍ ജോലി ചെയ്യുന്നു .ഓസ്ക്കാര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ‘ മാനത്തെ മരിക്കുറുമ്പേ ‘ എന്ന പുലിമുരുകനിലെ ഗാനം ഉള്‍പ്പെടെ അന്‍പതോളം സിനിമകള്‍ക്ക് പാട്ടെഴുതിയിട്ടുണ്ട്. കണ്ണട, രേണുക, രക്തസാക്ഷി, ബാഗ്ദാദ്, നെല്ലിക്ക, കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ് തുടങ്ങിയ കവിതകള്‍ വലിയ ജനകീയ അംഗീകാരം നേടിയവയാണ്.

മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ഉജാല അവാര്‍ഡ് ,സൂര്യ അവാര്‍ഡ് ,ബ്രഹ്മാനന്ദന്‍ പുരസ്ക്കാരം , മഹാകവി മൂലൂര്‍ അവാര്‍ഡ്, ഇ.വി.കൃഷ്ണപിള്ള അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.അശോകന്‍ ചരുവില്‍, ഡോ.കാവുമ്പായി ബാലകൃഷ്ണന്‍, രാവുണ്ണി (കണ്‍വീനര്‍) എന്നിവര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 31 ന് സാഹിത്യ അക്കാഡമിയില്‍ വെച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആര്‍.ബിന്ദു പുരസ്ക്കാരങ്ങള്‍ സമര്‍പ്പിക്കും.

Related Articles

Back to top button