Latest

ഓണ്‍ലൈന്‍ തട്ടിപ്പ്: തട്ടിപ്പിനിരയാകരുത് – ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

“Manju”

അബുദാബി : സാധാരണക്കാര്‍ മുതല്‍ സാങ്കേതിക വിഷയങ്ങളില്‍ ജ്ഞാനം ഉള്ളവര്‍ വരെ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഇരയാകുന്നുണ്ട്. പല രീതിയിലാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എന്തൊക്കെയാണെന്നും, എങ്ങനെ ഇവയില്‍ നിന്ന് രക്ഷപ്പെടാമെന്നും നോക്കാം.

ഇന്റര്‍നെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണ്‌ ഫിഷിംഗ്. ഇതിനായി ഹാക്കര്‍മാര്‍ മറ്റുള്ളവരുടെ പാസ്സ്‌വേര്‍ഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ഒരു എച്ച്.ടി.എം.എല്‍ ടെമ്ബ്ലേറ്റ് വഴി മോഷ്ടിക്കുന്നു. ഹാക്കര്‍മാര്‍ ഉദ്ദേശിക്കുന്ന ഒരു വെബ്‌സൈറ്റിനെ അനുകരിച്ച്‌ അതിന്റെ അതേ മാതൃകയില്‍ ഒരു വ്യാജ വെബ് പേജ് നിര്‍മ്മിക്കുന്നു. അതില്‍ കീ ലോഗ് എന്ന പ്രോഗ്രാം കൂട്ടിചേര്‍ത്ത് ഹാക്കറുടെ സെര്‍വറില്‍ ഹോസ്റ്റ് ചെയ്യുന്നു. ഈ വ്യാജ പേജ് തട്ടിപ്പിനായി ലക്ഷ്യം വെയ്ക്കുന്ന വ്യക്തിക്ക് അയച്ച്‌ കൊടുക്കുന്നു. പൊതുവേ ഇമെയില്‍ സ്പൂഫിംഗ് എന്ന പ്രക്രിയയിലൂടെയോ അല്ലെങ്കില്‍ ഇന്‍സ്റ്റന്റ് മെസേജിലൂടെയോ ആണ് ഫിഷിംഗ് എന്ന പ്രക്രിയക്ക് തുടക്കമിടുന്നത്. ഒറിജിനല്‍ എന്ന് തോന്നിക്കുന്ന അത്തരം വെബ്‌സൈറ്റുകള്‍ വിശ്വസനീയമെന്ന് കരുതി തന്‍റെ വിവരങ്ങളും മറ്റും ഇവര്‍ക്ക് നല്‍കുന്നതോടെ തട്ടിപ്പുകാരുടെ ആദ്യപടി വിജയകരമായി പൂര്‍ത്തിയാകുന്നു. വ്യക്തികള്‍ നല്‍കുന്ന സ്വകാര്യ വിവരങ്ങള്‍ ആക്രമണം പദ്ധതിയിടുന്നയാളുടെ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നു. സാധാരണ ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നവരെയാണ് മിക്കവാറും ഫിഷിംഗ് ലക്ഷ്യമിടുക.

ഇത്തരം അഴിമതികളില്‍ നിന്ന് സ്വയരക്ഷ നേടാനുള്ള ഏറ്റവും നല്ല മാര്‍ഗം ഉചിതമായ സൈബര്‍ തന്ത്രം ഉപയോഗിക്കുക, അവബോധം പുലര്‍ത്തുക എന്നതാണ്. പ്രത്യേകിച്ച്‌ ബിസിനസ് കോര്‍പ്പറേഷനുകള്‍ക്ക്, കമ്ബനിയില്‍ ബോധവല്‍ക്കരണ പരിശീലനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഒപ്പം അറിയപ്പെടുന്ന ഉറവിടങ്ങളുടെ അറ്റാച്ചു ചെയ്ത ഫയലുകള്‍ മാത്രം തുറക്കുക. അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള ഇമെയില്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.

നിങ്ങളുടെ പാസ്‌വേഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, അവ വെബ്‌സൈറ്റുകളിലുടനീളം വീണ്ടും ഉപയോഗിക്കരുത്. നിങ്ങളുടെ ജന്മദിനങ്ങള്‍, വാര്‍ഷികങ്ങള്‍, പങ്കാളിയുടെ പേര് തുടങ്ങിയവ പാസ്‌വേഡുകളായി ഉപയോഗിക്കരുത്. ഇവ ഓര്‍മിക്കാന്‍ എളുപ്പമാണെങ്കിലും അവ ഹാക്കുചെയ്യാനും നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷ അപഹരിക്കാനും കഴിയും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ജാഗ്രതയോടെ വേണം ഉപയോഗിക്കാന്‍. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളില്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നത് വഞ്ചിക്കപ്പെടാന്‍ കാരണമാകും. നിബന്ധനകളും നിയമാവലികളും വായിച്ച്‌ നോക്കിയ ശേഷമേ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താവൂ. ഓണ്‍ലൈന്‍ ഇടപാടിലെ വിവരങ്ങള്‍ സേവ് ചെയ്തു വയ്ക്കുന്നതും കാര്‍ഡ് വിവരങ്ങള്‍ ചോരാന്‍ ഇടയാക്കും. ഓരോ ഇടപാടിലും കാര്‍ഡ് വിവരങ്ങള്‍ പ്രത്യേകം നല്‍കുന്നതാണ് സുരക്ഷിതം. പല പ്രമുഖ വെബ്സൈറ്റുകള്‍ ഭാവി ഇടപാടികള്‍ക്കായി വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന പ്രവണതയുണ്ട്. വെബ്സൈറ്റ് ഹാക്ക് ചെയ്തും മറ്റും വിവരങ്ങള്‍ ചോരാനും ഇത് കാരണമാകും.

ചതിക്കപ്പെട്ടതായി ബോധ്യപ്പെട്ടാല്‍ ഉടന്‍ പൊലീസിലും ബാങ്കിലും അറിയിച്ച്‌ കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ നടപടി സ്വീകരിക്കണം. എടിഎമ്മിലും മറ്റു പൊതുസ്ഥലങ്ങളിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ വിവരം ചോരുന്നില്ലെന്ന് ഉറപ്പാക്കണം. ഓരോ ഇടപാട് വിവരങ്ങളും എസ്‌എംഎസ് ആയി ലഭ്യമാക്കിയും രഹസ്യകോര്‍ഡ് ഇടയ്ക്കിടെ മാറ്റിയും സുരക്ഷിതമാക്കണം.

Related Articles

Back to top button