India

വഹീദ് ഉർ റഹ്മാന് പാക് ഭീകരസംഘടനകളുമായി ബന്ധം

“Manju”

ശ്രീനഗർ : പിഡിപി യുവനേതാവ് വഹീദ് ഉർ റഹ്‌മാൻ പരയ്ക്ക് പാക് ആസ്ഥാനമായ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് കുറ്റപത്രം. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അടുത്ത സഹായി കൂടിയായ പര വഞ്ചനാക്കുറ്റം ചെയ്തതായും രാഷ്ട്രീയ ലാഭങ്ങൾക്കായി ഭീകരസംഘടനകൾക്ക് സഹായമെത്തിച്ച് നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു. എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

രാഷ്ട്രീയ എതിരാളികളെ തകർക്കുക പാർട്ടി നേതാക്കളെ സഹായിക്കുക തെരഞ്ഞെടുപ്പിൽ പിഡിപിയ്ക്ക് വിജയം നേടിക്കൊടുക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ട് തീവ്രവാദ സംഘടനകൾക്ക് പര പണം നൽകിയിരുന്നു എന്ന് 19 പേജുളള കുറ്റപത്രത്തിൽ പറയുന്നു. പാക് തീവ്രവാദ സംഘടനകളിൽ നിന്നും പരിശീലനം ലഭിച്ച ഭീകരരായ അബു ദുജാന, അബു ഖാസിം എന്നിവരുമായി പാരയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇന്ത്യൻ സുരക്ഷാ സേന ഏറ്റുമുട്ടലുകളിലൂടെ ഈ ഭീകരരെ വധിച്ചു.

2007 ൽ പര പാകിസ്താനിൽ പോയിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു. നിരോധിത സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയീദ് സലാഹുദ്ദീനുമായി അഭിമുഖം നടത്താൻ വേണ്ടിയായിരുന്നു അത്. തുടർന്ന് ഇത് പരയുടെ പുൽവാമയിലെ പ്രാദേശിക ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ഇയാൾ 2013 ൽ പിഡിപിയിൽ ചേരുകയും തന്റെ തീവ്രവാദ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. 2007-2020 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലിരുന്നു കൊണ്ട് പാക് തീവ്രവാദ പ്രചാരണമാണ് വഹീദ് ഉർ റഹ്‌മാൻ പര നടത്തിക്കൊണ്ടിരുന്നത് എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അടുത്തിടെ നടന്ന ഡിഡിസി തെരഞ്ഞെടുപ്പിൽ പുൽവാമയിൽ നിന്നും പരയാണ് വിജയിച്ചത്.

Related Articles

Back to top button