IndiaKeralaLatest

പഠനം മുടങ്ങരുത്; പുസ്തകവണ്ടിയുമായി ഡി വൈ എഫ് ഐ

“Manju”

ചിറ്റൂര്‍: അധ്യയന വര്‍ഷം ലോക്ഡൗണിലായതോടെ പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി ഡി വൈ എഫ് ഐയുടെ പുസ്തകവണ്ടി വീടുകളിലേക്ക്. പാലക്കാട് ചിറ്റൂരിലാണ് ലോക്ഡൗണില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികളെത്തിക്കാന്‍ ഡി വൈ എഫ് ഐ പുസ്തകവണ്ടിയൊരുക്കിയത്.
പാഠപുസ്തകങ്ങളും നോട്ട് പുസ്തകങ്ങളും പഠന സാമഗ്രികളുമെല്ലാമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പുസ്ത വണ്ടിയുമായി ഓരോ വിദ്യാര്‍ത്ഥികളെയും തേടി വീടിനു മുന്നിലെത്തുകയാണ്. ക്ലാസ് മുറികള്‍ ഓണ്‍ലൈനായി വീട്ടിലെത്തുമ്പോള്‍ ലോക്ഡൗണ്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തങ്ങള്‍ സ്‌കൂളില്‍ നിന്ന് ശേഖരിക്കാനും പഠനസാമഗ്രികള്‍ വാങ്ങിക്കാനും കഴിയാത്ത സാഹചര്യമാണ്. പ്രതിസന്ധി മറികടക്കുന്നതിനാണ് ഡി വൈ എഫ് ഐ ചിറ്റൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുസ്തക വണ്ടിയൊരുക്കിയത്.
സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ എന്‍ സുരേഷ്ബാബു പുസ്തകവണ്ടി ഫ്‌ളാഗ്ഗ് ഓഫ് ചെയ്തു. പുസ്തക വണ്ടി ആദ്യമെത്തിയത് ചിറ്റൂരിലെ മലഞ്ചള്ള ആദിവാസി കോളനിയിലാണ്. ഇവിടെയുള്ള 40ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം കൈമാറി. നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ തേടി ഇതിനകം പുസ്ത വണ്ടിയെത്തിക്കഴിഞ്ഞു. ഓണ്‍ലൈന്‍ പഠന കാലത്ത് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യമൊരുക്കുകയെന്നാണ് ഡി വൈ എഫ് ഐയുടെ ലക്ഷ്യം.

Related Articles

Back to top button