ErnakulamLatest

കൊച്ചി മെട്രോ : പേട്ട – എസ്.എന്‍. ജംഗ്ഷന്‍ റീച്ച്‌ മാര്‍ച്ചില്‍ തീരും

“Manju”

തിരുവനന്തപുരം:കൊച്ചി മെട്രോയുടെ പേട്ട മുതല്‍ എസ്.എന്‍. ജംഗ്ഷന്‍ വരെയുള്ള ഫെയ്സ് 1 എ റീച്ച്‌ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്നലെ അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കൊല്ലം നവംബറില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. കൊവിഡും ലോക്ക് ഡൗണും മൂലമാണ് നീണ്ടുപോയത്. കലൂര്‍ – കാക്കനാട് ഭാഗത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും. ഇതിന് ഫെബ്രുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തും.
പൈതൃക സംരക്ഷണം കൂടി പരിഗണിച്ച്‌ കൊച്ചി വാട്ടര്‍മെട്രോ പദ്ധതി ഊര്‍ജ്ജിതമാക്കും. ഇതിന്റെ ആദ്യ ഘട്ടം ആഗസ്‌റ്റില്‍ നൂറ് ദിന പരിപാടിയുടെ ഭാഗമായി കമ്മിഷന്‍ ചെയ്യാനും യോഗത്തില്‍ തീരുമാനമായി.
സെമീ ഹൈസ്‌പീഡ് റെയില്‍വേയുടെ അവസാന അലൈന്‍മെന്റ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭൂമി ഏറ്റെടുക്കലിന്റെ സാമൂഹികാഘാത പഠനം വേഗത്തിലാക്കണം. മലയോര ഹൈവേ നിര്‍മ്മാണത്തിന് വനം വകുപ്പിന്റെ അനുമതി വേണ്ട സ്ഥലങ്ങള്‍ ബന്ധപ്പെട്ടവര്‍ സന്ദര്‍ശിച്ച്‌ രൂപരേഖ ഉണ്ടാക്കണം. മൂന്നുമാസത്തിനകം ഡി.പി.ആര്‍. പൂര്‍ത്തിയാക്കണം.

Related Articles

Back to top button