IndiaLatest

കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

“Manju”

മുംബൈ: അടുത്ത രണ്ടുമുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ടാസ്‌ക് ഫോഴ്‌സ് . സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതെ സമയം മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് ചൂണ്ടിക്കാട്ടുന്നു .

കോവിഡ് മൂന്നാംതരംഗം ഉണ്ടായാല്‍ അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്‌ക്‌ഫോഴ്‌സ് നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ടാസ്‌ക്‌ഫോഴ്‌സ് അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

രണ്ടാംതരംഗത്തെ അപേക്ഷിച്ച്‌ മൂന്നാംതരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്‌ക് ഫോഴ്‌സ് വിലയിരുത്തുന്നു . ആദ്യ രണ്ടുതരംഗങ്ങള്‍ക്ക് സമാനമായി മൂന്നാംതരംഗത്തിലും പത്തുശതമാനം കേസുകള്‍ കുട്ടികളില്‍നിന്നോ യുവാക്കളില്‍നിന്നോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നും ടാസ്‌ക് ഫോഴ്‌സ് വിലയിരുത്തുന്നു.

രണ്ടാംതരംഗം കഴിഞ്ഞ് നാലാഴ്ചയ്ക്കുള്ളില്‍ യു.കെയ്ക്ക് മൂന്നാംതരംഗത്തെ നേരിടേണ്ടി വന്നു. കരുതലോടെയും കോവിഡ് സാഹചര്യത്തിന് യോജിക്കുന്ന പെരുമാറ്റവും പുലര്‍ത്തിയില്ലെങ്കില്‍ നമ്മളും സമാന അവസ്ഥയിലെത്തിയേക്കുമെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി അഭിപ്രായപ്പെട്ടു .

Related Articles

Back to top button