IndiaLatest

അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു

“Manju”

ചണ്ഡീഗഡ് : ഇന്ത്യയുടെ ‘പറക്കും സിഖ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ജൂണ്‍ 14 ന് മില്‍ഖാ സിംഗിന്റെ ഭാര്യ നിര്‍മല്‍ കൗര്‍ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടിരുന്നു. ഇന്ത്യന്‍ വോളീബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു നിര്‍മല്‍. കോവിഡിനെ അതിജീവിച്ചുവെങ്കിലും അതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാല്‍ ഏറെ നാള്‍ മില്‍ഖാ സിംഗ് ആശുപത്രിയില്‍ കഴിയുകയായിരുന്നു.

മെയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നെഗറ്റീവ് ആയതിനുശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. എന്നാല്‍ പിന്നീട് ശരീരത്തിലെ ഓക്സിജന്റെ അളവില്‍ കുറവ് വരികയും തുടര്‍ന്ന് ചണ്ഡീഗഢ് പി ജെ ഐ എം ഇ ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഇന്നലെ രാത്രി 11.30 യോടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റായ മില്‍ഖാ സിംഗ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരമാണ്. പത്മശ്രീ നല്‍കി 1959 ല്‍ രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1960 ലെ റോം ഒളിംപിക്സില്‍ 400 മീറ്ററില്‍ നാലാമതായി മത്സരം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് മെഡല്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് നഷ്ടമായത്. ‘ഭാഗ് മില്‍ഖാ ഭാഗ്’ എന്ന പേരില്‍ ഇദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി സിനിമയും ഇറക്കിയിട്ടുണ്ട്.

Related Articles

Back to top button