IndiaLatest

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ

“Manju”

ഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മാര്‍ച്ച്‌ 31ന് അവസാനിക്കേണ്ട സമയപരിധി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ സര്‍ക്കാര്‍ നീട്ടി നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആയിരം രൂപ പിഴയായി ഈടാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പിഴ ഒടുക്കേണ്ടതിനൊപ്പം പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകളിലും, സര്‍ക്കാര്‍ ആനുകൂല്യങ്ങളിലും തടസം നേരിടുമെന്നാണ് ലഭ്യമായ വിവരം. സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, നികുതി സമര്‍പ്പിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ആധാറും പാന്‍ കാര്‍ഡും നിര്‍ബന്ധമാണ്.

എസ്‌എംഎസ് അയച്ചോ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറിയോ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി ആവശ്യമായ വിവരങ്ങള്‍ കൈമാറിയാല്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകും. 567678, 56161 എന്നി നമ്പറുകളില്‍ പാന്‍ കാര്‍ഡ്, ആധാര്‍ നമ്പറുകള്‍ നല്‍കി എസ്‌എംഎസ് അയച്ചാലും വിവരങ്ങള്‍ അറിയാം.

Related Articles

Back to top button