KeralaLatest

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ക്ക് (1,00,69,673) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 26.89 ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1.2 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്. ആദ്യ ഡോസ് വാക്സിന്‍ ഏറ്റവും അധികം ആളുകള്‍ സ്വീകരിച്ചത് എറണാകുളം ജില്ലയിലാണ്, 12.33 ലക്ഷം. തിരുവനന്തപുരത്ത് 11.95 ലക്ഷം പേര്‍ കുത്തിവെയ്പ്പെടുത്തു.

എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ പത്ത് ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ വീതം നല്‍കിയിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കേള്‍ കൂടുതല്‍ വാക്‌സിന്‍ സ്വീകരിച്ചത്. 51.99 ലക്ഷം സ്ത്രീകളും 48.6 ലക്ഷം പുരുഷന്‍മാരും വാക്‌സിന്‍ സ്വീകരിച്ചു. 1.16 കോടി ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 11.1 ലക്ഷം ഡോസ് കോവാക്‌സിനുമാണ് വിതരണം ചെയ്തിട്ടുള്ളത്. 18നും 44നും ഇടയ്ക്ക് പ്രായമുള്ള 22,68,228 പേരും 45നും 60നും ഇടയ്ക്കുള്ള 37,94,936 പേരും 60 വയസിന് മുകളില്‍ പ്രായമുള്ള 39,93,967 പേരുമാണ് വാക്‌സിനെടുത്തത്.

സംസ്ഥാനത്തിന് ഇതുവരെ 1.24 കോടി ഡോസ് വാക്‌സിനാണ് ലഭ്യമായത്. എന്നാല്‍ ലഭ്യമായ അധിക ഡോസ് വാക്‌സിന്‍ പോലും ഉപയോഗപ്പെടുത്തി അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിനെടുക്കാന്‍ നമുക്ക് കഴിഞ്ഞത് നമ്മുടെ അനുഭവ സമ്പത്തായ നഴ്‌സുമാരാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മറ്റ് ചില സംസ്ഥാനങ്ങള്‍ കിട്ടിയ വാക്‌സിന്‍ പോലും പാഴാക്കിയപ്പോഴാണ് നമ്മുടെ പ്രവര്‍ത്തനം ദേശീയ ശ്രദ്ധ നേടിയത്.

സംസ്ഥാനത്ത് പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരുന്നു. കുറഞ്ഞ കാലം കൊണ്ട് ആ ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിങ്കളാഴ്ച 2.62 ലക്ഷം ഡോസ് വാക്‌സിനും ചൊവ്വാഴ്ച 2.30 ലക്ഷം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

Related Articles

Back to top button