Latest

കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

“Manju”

കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി വ്യാപിക്കാന്‍ തുടങ്ങിയത് മുതല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുള്ള ഒരു കാര്യമാണ് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിവിധ ഭക്ഷണങ്ങളെക്കുറിച്ച്‌. മാരകമായ വൈറസിനെതിരായ ചെറുത്തു നില്‍പ്പില്‍ ഏറ്റവും ആവശ്യമായ ഒന്നാണ് ശക്തമായ പ്രതിരോധ ശേഷി. അതുകൊണ്ട് തന്നെ ആളുകള്‍ അവരുടെ പ്രതിരോധശേഷിക്ക് ഉത്തേജനം നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മഹാമാരിയുടെ രണ്ടാം തരംഗത്തിനുശേഷം നാം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും ആരോഗ്യ കാര്യങ്ങളെക്കുറിച്ച്‌ ഓരോരുത്തരും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. എത്രയും വേഗം വാക്സിന്‍ എടുക്കുക എന്നതിനൊപ്പം മെച്ചപ്പെട്ട പ്രതിരോധശേഷിയ്ക്കായുള്ള ഭക്ഷണങ്ങള്‍ക്കും വ്യായാമങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുകയും വേണം. മിനറല്‍സും വൈറ്റമിന്‍സും ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അയണ്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചീര : അയണിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് ചീര. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെ ഗുണം ചെയ്യും. അയണിനു പുറമെ, ഇലക്കറികളില്‍ കാല്‍സ്യം, സോഡിയം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വളരെ സഹായകരമാണ്.

ഡ്രൈ ഫ്രൂട്ട്സ്: ഉണക്കമുന്തിരി, കശുവണ്ടി, ബദാം എന്നിവയുള്‍പ്പെടെ എല്ലാ ഡ്രൈ ഫ്രൂട്ട്സിലും അയണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല നിങ്ങളുടെ ശരീരത്തിലെ അയണിന്റെ കുറവ് പരിഹരിക്കുന്നതിന് ഇത് വളരെ നല്ല മാര്‍ഗമാണ്. രക്താണുക്കളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിന് ഡ്രൈ ഫ്രൂട്ട്സ് വളരെയധികം സഹായിക്കുന്നു.

പയറുവര്‍ഗങ്ങള്‍: ഇന്ത്യയില്‍ സാധാരണയായി ഉപയോഗിച്ച്‌ വരുന്ന പരിപ്പ്, പയര്‍വര്‍ഗ്ഗങ്ങളില്‍ അയണിന്റെ അളവ് വളരെ കൂടുതലാണ്. ഒരു കപ്പ് വേവിച്ച പയറില്‍ 6 മില്ലിഗ്രാം വരെ അയണ്‍ ലഭ്യമാണ്. ഇത് ശരീരത്തിലെ അയണിന്റെ ദൈനംദിന ആവശ്യത്തിന്റെ 37 ശതമാനമാണ്.

സോയ : അയണ്‍ സമ്പന്നമായ മറ്റൊരു ഭക്ഷ്യ വസ്തുവാണ് സോയ. 100 ഗ്രാം സോയാബീനില്‍ 15.7 മില്ലിഗ്രാം അയണ്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദൈനംദിന ഭക്ഷണത്തില്‍ സോയ ഉള്‍പ്പെടുത്തുന്നത് നമ്മുടെ ശരീരത്തിലെ അയണിന്റെ ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണ്.

ഉരുളക്കിഴങ്ങ്: നമ്മുടെ വീടുകളില്‍ പതിവായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവായ ഉരുളക്കിഴങ്ങിലും ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട്. ഒരു ഉരുളക്കിഴങ്ങില്‍ 3.2 മില്ലിഗ്രാം ഇരുമ്ബ് അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫൈബര്‍, വൈറ്റമിന്‍ സി, ബി 6, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ഉരുളക്കിഴങ്ങ്.

കോവിഡ് ബാധിച്ച ഒരാള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുഖം പ്രാപിച്ചതിനുശേഷവും വളരെ ശ്രദ്ധാലുക്കളായിരിക്കണമെന്നുമാണ് ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. രോഗത്തില്‍ നിന്ന് മുക്തി നേടിയ ശേഷം നിങ്ങളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച്‌ മനസ്സിലാക്കുന്നതിനും ശരീരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പരിഹരിക്കുന്നതിനും ചില പരിശോധനകള്‍ ആവശ്യമാണ്.

Related Articles

Back to top button