ErnakulamKeralaLatest

കൊച്ചി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിന് പുരസ്ക്കാരം

“Manju”

കൊച്ചി: 2020-21 വര്‍ഷത്തെ രാജ്യത്തെ മികച്ച പാസ്‌പോര്‍ട്ട് ഓഫീസിനുള്ള പുരസ്ക്കാരം കൊച്ചി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിന് ലഭിച്ചു. ജലന്ധര്‍ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് രണ്ടാമതും, തിരുവനന്തപുരം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് മൂന്നാമതുമെത്തി. 2014 ല്‍ വിദേശകാര്യ മന്ത്രാലയം മികച്ച പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് പാസ്പോര്‍ട്ട് സേവാ പുരസ്ക്കാരം ഏര്‍പ്പെടുത്തിയ ശേഷം ഏഴാം തവണയാണ് കൊച്ചി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് ഈ പുരസ്ക്കാരം കരസ്ഥമാക്കുന്നത്. മേഖലാ പാസ്പോര്‍ട്ട് ഓഫീസര്‍ ശ്രീ ഭാനുലാലി അറിയിച്ചതാണ് ഇക്കാര്യം.

കൊച്ചി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് 10 ല്‍ 9.88 സ്കോര്‍ നേടിയപ്പോള്‍, ജലന്ധര്‍ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് 9.85 സ്കോര്‍ നേടി തൊട്ടു പിന്നിലും, തിരുവനന്തപുരം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് 9.63 സ്കോര്‍ നേടി മൂന്നാമതുമെത്തി. അപ്പോയിന്റ്മെന്റ് ലഭ്യത, പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിന് എടുക്കുന്ന സമയം, പരാതി പരിഹാരം, പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നതിലെ വേഗത, ജീവനക്കാരുടെ കാര്യക്ഷമത, പ്രോസസ്സ് ചെയ്യാന്‍ ബാക്കിയുള്ള അപേക്ഷകള്‍, പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നുള്ള ഫയലുകളുടെ വര്‍ദ്ധന എന്നിവ ഉള്‍പ്പെടെ 15 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രകടനം വിലയിരുത്തിയത്. പോലീസ് വകുപ്പിന്റെ വേഗത്തിലുള്ള പരിശോധനയും തപാല്‍ വകുപ്പ് വേഗത്തില്‍ എത്തിച്ചു നല്‍കിയതും കൊച്ചിയിലെ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിന്റെ കാര്യക്ഷമത ഉയരാന്‍ കാരണമായി.

2021-21 വര്‍ഷത്തില്‍ പ്രതിദിനം 141 ഉം, 139 ഉം അപേക്ഷകള്‍ വീതം പരിശോധിച്ച കൊച്ചി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിലെ രണ്ട് ജീവനക്കാര്‍ വ്യക്തിഗത മികവിന് വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്ക്കാരത്തിന് വേണ്ടിയുള്ള മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. മുഴുവന്‍ ജീവനക്കാരുടെയും കഠിനാധ്വാനം കൊച്ചി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിനെ പുരസ്ക്കാരത്തിനര്‍ഹമാക്കുന്നതില്‍ പ്രധാന ഘടകമായി മാറി.

Related Articles

Back to top button