KeralaLatest

ജനങ്ങളുമായി സംവദിക്കുന്ന റിംഗ് റോഡ് തിങ്കളാഴ്ച

“Manju”

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജനങ്ങളുമായി സംവദിക്കുന്ന റിംഗ് റോഡ് പരിപാടി ജനകീയമാകുന്നു. വരുന്ന ഫോണ്‍ കോളുകള്‍ക്ക് മന്ത്രി തന്നെ മറുപടി നല്‍കുകയും നടപടിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന പരിപാടിയാണ് റിംഗ് റോഡ് .
പരിപാടിയില്‍ വന്ന ഒന്നിലധികം ഫോണ്‍ കോളുകള്‍ റോഡരികില്‍ മാസങ്ങളായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനെ കുറിച്ചായിരുന്നു. അത്തരം വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ മന്ത്രി റിംഗ് റോഡ് പരിപാടിക്കിടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കോഴിക്കോട് നല്ലളത്തെ വാഹനങ്ങള്‍ നീക്കം ചെയ്യുന്നത് നേരില്‍ കാണാനെത്തിയ മന്ത്രി ജില്ലയില്‍ മുഴുവന്‍ പദ്ധതി നടപ്പാക്കാന്‍ കലക്ടറോട് പറഞ്ഞു. വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയേയും പോലീസ് മേധാവിയേയും മന്ത്രി അറിയിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയില്‍ പ്രത്യേകമായൊരു പദ്ധതിക്ക് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കലക്ടര്‍ രൂപം നല്‍കി. ഇതേതുടര്‍ന്ന് വിവിധയിടങ്ങളില്‍ പൊതുമരാമത്ത് റോഡരികുകളിലുള്ള വാഹനങ്ങള്‍ നീക്കം ചെയ്തുതുടങ്ങി. വലിയ ക്രൈയിനുകള്‍ ഉപയോഗിച്ചാണ് റോഡരികിലുള്ള വാഹനങ്ങള്‍ നീക്കം ചെയ്യുന്നത്. പലയിടത്തും വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഇതിനകം തന്നെ നീക്കം ചെയ്തുകഴിഞ്ഞു. പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജൂണ്‍ മാസത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ എന്നനിലയിലാണ് റിംഗ് റോഡ് പരിപാടി പ്രഖ്യാപിച്ചത്. ജൂണ്‍ മാസത്തിലെ അവസാന ആഴ്ചയിലെ പരിപാടി 28-ന് തിങ്കളാഴ്ച്ച നടക്കും. വൈകുന്നേരം 5 മണി മുതല്‍ 6 മണി വരെ പൊതുജനങ്ങള്‍ക്ക് 18004257771 എന്ന നമ്ബരില്‍ വിളിക്കാം. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് മാത്രമാണ് വിളിക്കേണ്ടത്. വരുംമാസങ്ങളിലും റിംഗ് റോഡ് തുടരും.

Related Articles

Back to top button