IndiaInternational

ഇന്ത്യയുടെ മാപ്പിനെ തെറ്റായി ചിത്രീകരിച്ച് ട്വിറ്റർ

“Manju”

ന്യൂഡൽഹി : ഇന്ത്യയുടെ മാപ്പിനെ വീണ്ടും തെറ്റായി ചിത്രീകരിച്ച് ട്വിറ്റർ. ജമ്മു കശ്മീരിനെ മറ്റൊരു സ്വതന്ത്ര രാജ്യമായും ലഡാക്കിനെ ചൈനയുടെ ഭാഗമായും ആണ് ട്വിറ്റർ ചിത്രീകരിച്ചത്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഐടി ചട്ടങ്ങൾ പാലിക്കാതെ വെല്ലുവിളിയോടെ മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ മാപ്പിനെ തന്നെ ട്വിറ്റർ തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെയും ട്വിറ്റർ ഇന്ത്യയിലെ പ്രദേശങ്ങളെ മാപ്പിൽ തെറ്റായി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ താക്കീത് നൽകിയതോടെ ക്ഷമ ചോദിച്ച് തിരുത്തുകയായിരുന്നു.

ട്വിറ്ററിന്റെ കരിയർ വെബ്‌പേജിലെ ട്വീപ്പ് ലൈഫ് സെക്ഷനിലാണ് ഇന്ത്യയുടെ മാപ്പ് തെറ്റായ രീതിയിൽ ചിത്രീകരിച്ചത്. ജമ്മു കശ്മീർ മറ്റൊരു രാജ്യമാണെന്നും ലഡാക് ചൈനയുടെ ഭാഗമാണെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ട്വിറ്ററിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

നേരത്തെ 2020 ഒക്ടോബറിലും സമാനമായ സംഭവമുണ്ടായിരുന്നു. ലേയിലുള്ള ഹാൾ ഓഫ് ഫെയിം യുദ്ധസ്മാരകത്തിൽ നിന്നും നാഷണൽ സെക്യൂരിറ്റി അനലിസ്റ്റായ നിതിൻ ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റിനിടെ ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റർ ടാഗ് നൽകി. ഈ വീഡിയോയുടെ ലൊക്കേഷൻ ടാഗ് ചെയ്ത് നൽകിയത് ജമ്മു കശ്മീർ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു. തുടർന്ന് സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച് ട്വിറ്റർ രംഗത്തെത്തി.

Related Articles

Back to top button