IndiaLatest

ഇന്ത്യ അങ്ങോട്ട് കയറി പ്രശ്‌നം ഉണ്ടാക്കുന്നവരല്ല ; ഇങ്ങോട്ട് വന്നാല്‍ വിട്ടു കൊടുക്കുകയുമില്ല: രാജ്‌നാഥ് സിംഗ്

“Manju”

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനയ്ക്ക് കര്‍ശനമായ നിര്‍ദേശം നല്‍കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ സമാധാന കാംഷികളുടെ നാടാണെന്നും എന്നാല്‍ പ്രശ്‌നവുമായി ഇങ്ങോട്ടു വന്നാല്‍ ഒട്ടും വിട്ടുകൊടുക്കില്ലെന്നും പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ തക്കതായ മറുപടി നല്‍കാന്‍ എപ്പോഴും സജ്ജമാണെന്നും പറഞ്ഞു. ലെയിലെ സൈനിക ക്യാമ്പില്‍ പങ്കെടുക്കവേയാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
അയല്‍ക്കാരുമായുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പറഞ്ഞുതീര്‍ക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് വേണ്ടി രാജ്യസുരക്ഷയില്‍ ഒരു തരത്തിലും ഒത്തുതീര്‍പ്പിനില്ലെന്നും പറഞ്ഞു. ഒരു രാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന രാജ്യമല്ല ഇന്ത്യ. പക്ഷേ ആരുടെയെങ്കിലുമൊക്കെ ഭീഷണിയെ ഭയക്കുന്ന രാജ്യമല്ലെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം വടക്കന്‍ മേഖലയില്‍ കടുത്ത വെല്ലുവിളിയാണ് രാജ്യം അഭിമുഖീകരിച്ചത്. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യവും ആത്മസമര്‍പ്പണവും പ്രശ്‌നത്തെ മറികടക്കാന്‍ സഹായകമായെന്നും പറഞ്ഞു.
ലോകസമാധാനത്തിന് വേണ്ടിയാണ് എന്നും ഇന്ത്യ നില കൊണ്ടിട്ടുള്ളത്. തങ്ങള്‍ ആരേയും ഇതുവരെ കയറി ആക്രമിച്ചിട്ടില്ല. ആരെയെങ്കിലും ആക്രമിച്ച്‌ വിജയം നേടുക ഇന്ത്യയുടെ ലക്ഷ്യമല്ല. എന്നാല്‍ ഇന്ത്യയെ ആക്രമിച്ച്‌ ആരെങ്കിലും ഒരിഞ്ചെങ്കിലും സ്വന്തമാക്കാമെന്നും കരുതേണ്ടെന്നും പറഞ്ഞു. അയല്‍ക്കാര്‍ ഇന്നേയ്ക്ക് മാത്രമുള്ളതല്ലെന്നും എന്നന്നേയ്ക്കും വേണ്ടിയുള്ളവരാണെന്നും അയല്‍രാജ്യങ്ങള്‍ കൂടി ചിന്തിക്കണമെന്നും പറഞ്ഞു.
ലഡാക്കിലെ പലയിടത്തും ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ഒരു വര്‍ഷമായി മുഖാമുഖം നില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയെ ലാക്കാക്കിയാണ് പ്രതിരോധമന്ത്രിയുടെ പ്രതികരണം. ഇന്ത്യയുമായി അതിര്‍ത്തിയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് കഴിഞ്ഞ ദിവസമാണ് ചൈന പ്രതികരിച്ചത്. ഇതിന് പിന്നാലെ മൂന്ന് ദിന സന്ദര്‍ശനത്തിനായിട്ടാണ് രാജ്‌നാഥ് സിംഗ് ലഡാക്കിലെത്തിയത്.

Related Articles

Back to top button