IndiaLatest

ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന്‍; പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങളിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിലുള്ള വാക്സിനുകള്‍ ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാമെന്നുമാണ് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

ഗര്‍ഭധാരണം കോവിഡ് 19 അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നില്ല. ‘മിക്ക ഗര്‍ഭിണികളും രോഗലക്ഷണമില്ലാത്തവരോ അല്ലെങ്കില്‍ മിതമായ തോതില്‍ രോഗബാധിതരോ ആയിരിക്കും. പക്ഷെ അവരുടെ ആരോഗ്യനില വളരെ വേഗം വഷളാകാന്‍ സാധ്യതയുണ്ട് ഇത് ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കാം. അതുകൊണ്ട് തന്നെ വാക്സിനേഷന്‍ ഉള്‍പ്പെടെ കോവിഡില്‍ നിന്നും സ്വയം പരിരക്ഷ നേടുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ കാരണത്താല്‍ തന്നെ ഗര്‍ഭിണികളായ സ്ത്രീകള്‍ വാക്സിനെടുക്കാന്‍ നിര്‍ദേശിക്കുകയാണ്’ മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികളിലെ കോവിഡ്

ഗര്‍ഭിണിയായ സ്ത്രീക്ക് വൈറസ് ബാധിച്ചാല്‍, 90% പേരും ആശുപത്രിയില്‍ പ്രവേശിക്കേണ്ട ആവശ്യമില്ലാതെ തന്നെ സുഖം പ്രാപിക്കുന്നുണ്ട്. എങ്കിലും കുറച്ച്‌ പേരില്‍ വളരെ വേഗം ആരോഗ്യനില വഷളാകാറുണ്ട്. രോഗലക്ഷണങ്ങളുള്ള ഗര്‍ഭിണികള്‍ക്ക് കടുത്ത രോഗത്തിനും മരണത്തിനും സാധ്യത കൂടുതലാണ്. രോഗാവസ്ഥ മോശമാണെങ്കില്‍, മറ്റെല്ലാ രോഗികളെയും പോലെ, ഗര്‍ഭിണികളും ആശുപത്രിയില്‍ പ്രവേശിച്ച്‌ ചികിത്സ തേടേണ്ടത് ആവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, 35 വയസിന് മുകളില്‍ പ്രായം എന്നിവയുള്ള ഗര്‍ഭിണികള്‍ക്ക് കോവിഡ് രൂക്ഷമാകാനുള്ള സാധ്യതയുമുണ്ടെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ലഭ്യമായ വാക്സിനുകള്‍ ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമാണ്. എങ്കിലും സാധാരണ വാക്സിനുകളെ പോലെ മിതമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കും. വാക്സിനേഷന് ശേഷം നേരിയ പനി, കുത്തിവയ്പ്പെടുത്ത സ്ഥലത്ത് വേദന അല്ലെങ്കില്‍ രണ്ട് മൂന്ന് ദിവസത്തോളം അസ്വസ്ഥത എന്നിവയൊക്കെ അനുഭവപ്പെടാം. വളരെ അപൂര്‍വമായി (1-5 ലക്ഷത്തില്‍ ഒരാള്‍), ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭിച്ച്‌ 20 ദിവസത്തിനുള്ളില്‍ ഇനിപ്പറയുന്ന ചില ലക്ഷണങ്ങള്‍ അനുഭവപ്പെടാം, അത് അടിയന്തിര ശ്രദ്ധ ആവശ്യമായി വന്നേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഗര്‍ഭിണികള്‍ കോ-വിന്‍ പോര്‍ട്ടല്‍ അല്ലെങ്കില്‍ കോവിഡ് -19 വാക്സിനേഷന്‍ സെന്‍റര്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്നാണ് കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാധാരണ പോലെ തന്നെയാണ് രജിസ്ട്രേഷന്‍ പ്രക്രിയ എന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button